ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി

ദോഹ: സൗദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ സ്തംഭവനാവസ്ഥ നീങ്ങിയെന്നും മന്ത്രി പറഞ്ഞു.

റോമില്‍ നടന്ന വിദേശനയ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി ഖത്തറും അയല്‍ രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കം അയയുന്നതായി സൂചന നല്‍കിയത്. ഖത്തര്‍ ഭീകരതയെ പിന്തുണയ്ക്കന്നു എന്നാരോപിച്ച് 2017 ജൂണിലാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ കര, വ്യോമ, നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും നയതന്ത്ര ബന്ധം വിഛേദിക്കുകയും ചെയ്തത്.

ആ സമയത്ത് ഉപരോധം നീക്കുന്നതിന് ഈ രാജ്യങ്ങള്‍ 13 ഉപാധികള്‍ മുന്നോട്ടുവച്ചിരുന്നു. അല്‍ജസീറ അടച്ചുപൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം പൂട്ടുക, ഇറാനുമായുള്ള ബന്ധം കുറയ്ക്കുക തുടങ്ങിയവയായിരുന്നു ഉപാധികള്‍.

ചര്‍ച്ചകള്‍ പുരോഗതിയിലേക്ക് നീങ്ങുകയാണ്. പ്രശ്‌നം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളിലെയും അധികൃതര്‍ തമ്മില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി പല തവണ കൂടിക്കാഴ്ച്ചകള്‍ നടത്തിയതായും വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ക്കായി ഈയിടെ സൗദി തലസ്ഥാനമായ റിയാദില്‍ സന്ദര്‍ശനം നടത്തിയെന്ന റിപോര്‍ട്ട് സ്ഥീരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഒക്ടോബറില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി സൗദിയിലേക്ക് അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അവിടെ വച്ച് സൗദിയിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയതായും പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതായും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

റിയാദില്‍ ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ചുകൊണ്ട് സൗദി രാജാവ് നേരിട്ട് കത്ത് കൊടുത്തയച്ചതും പ്രശ്‌നങ്ങള്‍ അയയുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ അവസാന നിമിഷം പിന്മാറിയതും ശുഭസൂചനകള്‍ നല്‍കിയിരുന്നു.