ദോഹ: ഖത്തറില്‍ ലോക കപ്പിന് വേണ്ടി ഒരുങ്ങുന്ന സ്റ്റേഡിയങ്ങളില്‍ ഒന്നായ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചതായുള്ള ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപോര്‍ട്ടില്‍ ഖത്തര്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് വിശദീകരണവുമായി രംഗത്തെത്തി.
ഖത്തര്‍ മെറ്റാ കോട്ട്സ് എന്ന കമ്പനി വേതനം കൃത്യമായി നല്‍കാത്ത കാര്യം 2019 സപ്തംബറില്‍ തന്നെ സുപ്രിം കമ്മിറ്റി ഓഫ് ഡെലിവറി ആന്റ് ലഗസി തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് കമ്യൂണിക്കേഷന്‍ ഓഫിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. തുടര്‍ന്ന് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ബാക്കിയുള്ള വേതനം കൊടുത്തുതീര്‍ക്കുന്നതുവരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
2020 മെയില്‍ വിഷയം ഭാഗികമായി പരിഹരിക്കുകയും ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള പൂര്‍ണമായ വേതനം കമ്പനി നല്‍കുകയും ചെയ്തു. ഫെബ്രുവരിക്കു മുമ്പുള്ള ഏതാനും പേരുടെ വേതനം മാത്രമാണ് ഇനി കൊടുക്കാന്‍ ബാക്കിയുള്ളത്. വരും ദിവസങ്ങളില്‍ ഇതു പരിഹരിക്കും. ഖത്തര്‍ മെറ്റാ കോട്ട്സ് ഈയിടെ വില്‍പ്പന നടത്തിയിരുന്നു. മുന്‍ ഉടമ വരുത്തിയ വീഴ്ച്ച പുതിയ ഉടമയിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം. ഐഡി കാര്‍ഡും, ഹെല്‍ത്ത് കാര്‍ഡും പുതുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയം ഇതില്‍ ഉള്‍പ്പെടുന്നതായും കമ്യൂണിക്കേഷന്‍ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും പ്രവാസി തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ നിയമപരമായ എല്ലാ ചട്ടക്കൂടുകളും സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി.
Qatar GCO statement regarding company delaying salary payments