Saturday, October 23, 2021
HomeGulfQatarഖത്തര്‍ ഭീകരതയ്ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണം; ടൈംസ് ലേഖനത്തിന് പിന്നില്‍ ഇസ്ലാമോഫോബിയ

ഖത്തര്‍ ഭീകരതയ്ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണം; ടൈംസ് ലേഖനത്തിന് പിന്നില്‍ ഇസ്ലാമോഫോബിയ

ദോഹ: ഖത്തറിനെതിരേ ദി ടൈംസില്‍ വന്ന ലേഖനം തികച്ചും അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ്. വസ്തുതാപരമായ പിഴവുകളും പക്ഷപാതിത്വവും നിറഞ്ഞതാണ് ലേഖനം. മറ്റ് മാധ്യമങ്ങളും നേരത്തേ സമാനമായ രീതിയില്‍ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും വസ്തുത മനസ്സിലാക്കി അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് കമ്യൂണിക്കേഷന്‍ ഓഫിസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന രീതിയില്‍ 2021 ജൂണ്‍ 4ന് ആണ് ദി ടൈസ് ലേഖനം പ്രസിദ്ധീകരിച്ചത്. സിറിയയിലെ അല്‍ നുസ്‌റ ഫ്രണ്ടിന് ഖത്തര്‍ വന്‍ തുക സംഭാവന നല്‍കി എന്നതാണ് പ്രധാന ആരോപണം. ആന്‍ഡ്രൂ നോര്‍ഫോക്ക് ആയിരുന്നു ലേഖകന്‍.

ഇത്തരം വിഷയങ്ങളില്‍ ടൈംസുമായി ഖത്തര്‍ ആശയവിനിമയം നടത്തിയിരുന്നുവെങ്കിലും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് അവര്‍ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ലേഖനമെഴുതിയ ആന്‍ഡ്രൂ നോര്‍ഫോക്ക് ഇസ്ലാഫോബിയ വച്ചുപുലര്‍ത്തുന്ന ആളാണെന്ന് നേരത്തേ നിരവധി തവണ തെളിയിക്കപ്പെട്ടതാണ്.

നോര്‍ഫോക്ക് മുസ്ലിംകള്‍ക്കെതിരായ റിപോര്‍ട്ടുകള്‍ വളച്ചൊടിച്ചതായി യുകെ മാധ്യമ നിയന്ത്രണ സ്ഥാപനമായ ഐപിഎസ്ഒ നേരത്തേ കണ്ടെത്തിയിരുന്നു. നോര്‍ഫോക്കിന്റെ ഇസ്ലാമോഫോബിയ നിറഞ്ഞ ലേഖനങ്ങള്‍ക്കെതിരേ യുകെയിലെ പാര്‍ലമെന്ററി കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. വലിയ ധ്രുവീകരണം നടക്കുന്ന ഈ കാലത്ത് ഇത്തരമൊരു മോശം ചരിത്രമുള്ള ഒരു മാധ്യമപ്രവര്‍ത്തകന് ടൈംസില്‍ സ്വതന്ത്രമായി എഴുതാന്‍ സ്ഥലം അനുവദിക്കുന്നത് ആശങ്കാജനകമാണ്.

ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ കൃത്യമായ നിയമങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഖത്തര്‍. കള്ളപ്പണം തടയുന്നതില്‍ ലോകത്തെ തന്നെ ഏറ്റവും കടുത്ത നിയമങ്ങളാണ് ഖത്തറിലുള്ളത്. യുകെയും മറ്റ് ലോകരാജ്യങ്ങളുമായും സഹകരിച്ച് ആഗോള ഭീകരതയ്‌ക്കെതിരായ ഖത്തറിന്റെ പോരാട്ടം തുടരും. തങ്ങളെ ഭിന്നിപ്പിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും മ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി.

Most Popular