ഖത്തറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേര്‍ക്കും കൊറോണയില്ല; രണ്ടുപേരുടെ ഫലം കാത്തിരിക്കുന്നു

corona in qatar

ദോഹ: കൊറോണ വൈറസ് ബാധ സംശയിച്ച് രാജ്യത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 25 പേരില്‍ 23 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ വകുപ്പ്. രണ്ടുപേരുടെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവി ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരുടെ റിപോര്‍ട്ട് ഇന്നലെയാണ് ലഭിച്ചത്. രണ്ടെണ്ണം ഇപ്പോഴും പരിശോധനാഘട്ടത്തിലാണ്. ഇന്നോ നാളെയോ അതിന്റെ ഫലം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത കാലത്ത് ചൈനയിലേക്ക് യാത്ര ചെയ്ത ഖത്തരികളും അല്ലാത്തവരും രോഗബാധ സംശയിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ ഡോ. ഖാലിദ് ഹാമിദ് എലാവദ് പറഞ്ഞു. രോഗലക്ഷണങ്ങളോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്വയം തന്നെ എത്തിവരാണ് നിരീക്ഷണത്തിലുള്ളത്.

ലബോറട്ടറി സൗകര്യങ്ങളും പകര്‍ച്ചവ്യാധി കേന്ദ്രവും വാരാന്ത്യങ്ങളില്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗം സംശയിക്കുന്നവരെ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്ത് പരിശോധനാ വിധേയമാക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: Qatar Health ministry tests 25 for corona virus; 23 ruled out, two yet to be confirmed