Monday, November 29, 2021
HomeNewsfeedകോവിഡ് കാലത്ത് യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ട്: ഇന്ത്യന്‍ അംബാസഡര്‍ (വീഡിയോ)

കോവിഡ് കാലത്ത് യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ട്: ഇന്ത്യന്‍ അംബാസഡര്‍ (വീഡിയോ)

ദോഹ: ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനം ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും സംയുക്തമായി ആഘോഷിച്ചു. മിയാ പാര്‍ക്ക്, അല്‍ വക്‌റ, ഏഷ്യന്‍ ടൗണ്‍, മിസഈദ്, ദുഖാന്‍, അല്‍ഖോര്‍ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിപാടി. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുള്ള പരിപാടിയില്‍ ഓണ്‍ലൈനിലും നൂറുകണക്കിന് പേര്‍ പങ്കാളികളായി.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് പങ്കാളികളെ സ്വാഗതം ചെയ്തു. ഐസിസി പ്രസിഡന്റ് ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐബിപിസി പ്രസിഡന്റ് അസീം അബ്ബാസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

കോവിഡ് സാഹചര്യത്തില്‍ യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ യോഗയ്ക്ക് കാര്യമായ പങ്കുവയ്ക്കാനാവും. ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതിനും മാനസിക ഊര്‍ജം തിരിച്ചുപിടിക്കുന്നതിനും ശാരീരിക വ്യായാമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
qatar yoga day6

ഖത്തറിന്റെ സാംസ്‌കാരിക പ്രാധാന്യമുള്ള ആറ് ഇടങ്ങളില്‍ നടന്ന പരിപാടിയില്‍ യോഗ വിദഗ്ധര്‍ വിവിധ ആസനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പരിപാടിക്ക് ഓണ്‍ലൈനിലുണ്ടായ പങ്കാളിത്തം സമൂഹത്തില്‍ യോഗയ്ക്കുള്ള സ്വീകാര്യതയാണ് തെളിയിക്കുന്നതെന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് പറഞ്ഞു. യോഗ സെഷന് സ്‌പോര്‍സ് സെന്റര്‍ ഉപദേശക സമിതി അംഗം നിഷ അഗര്‍വാള്‍ നേതൃത്വം നല്‍കി.

Most Popular