ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധ നടപടികള്‍: ജോണ്‍ ബ്രിട്ടാസ് എം പി

John Britas

ദോഹ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി അഭിപ്രായപെട്ടു. ജിസിസി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ലക്ഷദ്വീപ് അരക്ഷിതമാക്കരുത്, പ്രവാസികള്‍ പ്രതികരിക്കുന്നു’ എന്ന ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകളെന്ന നിലയിലാണ്. ഭരണഘടന നല്‍കുന്ന ഈ പരിരക്ഷയാണ് ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാംസാഹാരം നിരോധിക്കുന്നതിലൂടെയും മദ്യം സര്‍വത്രികമാക്കുന്നതിലൂടെയും ദ്വീപ് ജനതയുടെ സംസ്‌കാരം തകര്‍ക്കുകയാണ് പുതിയ ഓര്‍ഡിനന്‍സുകള്‍ വഴി കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നത്. ലക്ഷദ്വീപ് റെഗുലേഷന്‍ അതോറിറ്റി ആക്ട് നടപ്പാക്കുക വഴി ദ്വീപ് ജനതയുടെ ഭൂമി യാതൊരു നിയമ പരിരക്ഷയും കിട്ടാതെ കോര്‍പ്പറേറ്റുകള്‍ക്ക് കയ്യേറാനുള്ള വാതിലുകള്‍ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാര്‍ലമെന്റ് അംഗം പി പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണ്ടാ ആക്ട് പോലെ കരിനിയമം അടിച്ചേല്‍പ്പിച്ചു കൊണ്ട് ദ്വീപ് ജനതയെ നിശബ്ദമാക്കാമെന്നു കരുതുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഗുണ്ടാ ആക്ട് പ്രകാരം കുറ്റം ചെയ്യാതെ തന്നെ സംശയത്തിന്റെ ആനുകൂല്യത്തില്‍ അറസ്റ്റ് ചെയ്യാനും സമാധാനപരമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലാത്ത വിധമുള്ള ജനാതിപത്യ ധ്വംസനമാണ് ദ്വീപില്‍ നടക്കുന്നതെന്നും മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്‍ അഭിപ്രായപെട്ടു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു പഞ്ചശീല തത്വങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു നല്‍കിയ രാഷ്ട്രസങ്കല്‍പ്പങ്ങളെ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നതെന്ന് മുന്‍ എംഎല്‍എ വി ടി ബല്‍റാം പറഞ്ഞു.

ഇന്ത്യയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ദുഷ്ടതയുടെ സാധാരണതയാണെന്നും സംഘ്പരിവാര്‍ ആന്തരികശത്രുക്കളായി എണ്ണിപ്പറഞ്ഞവരെ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട് അഭിപ്രായപെട്ടു.

സാംസ്‌കാരികമായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും ലക്ഷദ്വീപിനെ ചുഷണം ചെയ്തു നശിപ്പിക്കാന്‍ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ തരത്തിലുള്ള നടപടികള്‍ക്കെതിരെയും ശക്തമായ ബഹുജന സമരങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു.

ജിസിസി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ വള്ളിക്കുന്ന് (സൗദി അറേബ്യ), സുരേഷ് വല്ലത്ത് (ആസ്േ്രതലിയ), നൗഷാദ് കെ ടി (ബഹ്റൈന്‍), ടി വി ഹിക്മത്ത് (കുവൈത്ത്), കെ എന്‍ സുലൈമാന്‍ മദനി, മുജീബ് മദനി എന്നിവര്‍ സംസാരിച്ചു.