പ്രവാസികളുടെ ആശങ്കയകറ്റണം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

social forum qatar

ദോഹ: കോവിഡ് 19 ലോകത്ത് ഭീതി വിതച്ച് മുന്നേറുമ്പോള്‍ സ്വന്തം നാടും വീടും വിട്ട് പ്രവാസ ലോകത്ത് ഒറ്റപ്പെട്ട് പോയ പ്രവാസികളുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് സോഷ്യല്‍ ഫോറം പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

നാളിതു വരെയായി നാട്ടിലെ വികസനത്തിന്റെ നെടുംതൂണ്‍ ആയി പ്രവര്‍ത്തിച്ച പ്രവാസികളെ പ്രയാസ ഘട്ടത്തില്‍ കൈയൊഴിയുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വേദനാജനകാമണ്. ഗള്‍ഫ് മേഖലയില്‍ ഭരണാധികാരികള്‍ പ്രവാസികളോട് അനുകമ്പയോടെയാണ് പെരുമാറുന്നത്. നമ്മുടെ കേന്ദ്ര സര്‍ക്കാരും പ്രവാസികളുടെ കാര്യത്തില്‍ അനുകൂലമായ നിലപാട് എടുക്കാന്‍ ഇനിയും വൈകിപ്പിക്കരുത്.

ഗള്‍ഫ് മേഖലയില്‍ bിസാ കാലവധി കഴിഞ്ഞവരും തൊഴിലില്ലാത്തവരും പല കാരണങ്ങളാല്‍ ചികില്‍സ ആവശ്യമുള്ളവരുമടക്കം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കാന്‍ തയ്യാറകണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാട് തിരുത്തി പ്രവാസികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ജോലിയില്‍ പ്രയാസമനുഭവിക്കുന്നത് കാരണം നാട്ടിലെ പ്രവാസി കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ നിന്ന് കര കയറാന്‍ ആശ്വാസകരമായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ആവശ്യപെട്ടു.