ജുഡീഷ്യറിയുടെ വിശ്വാസ്യത ഭരണകൂടം തകര്‍ക്കരുത്: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

social forum qatar

ദോഹ: സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്ന രജ്ഞന്‍ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത് ജനാധിപത്യ വിശ്വാസികള്‍ക്ക് ജുഡീഷ്യറിയിലുള്ള അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന തോന്നല്‍ ജനിപ്പിക്കുന്ന നടപടിയാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒന്ന് കൂടി ഉലക്കുന്നതാണ് ഈ തീരുമാനം. ബാബരി, റാഫേല്‍ തുടങ്ങി നിര്‍ണ്ണായക കേസുകളില്‍ വിവാദ വിധിപ്രസ്ഥാപിച്ച ജഡ്ജിയാണ് ഗൊഗോയ്. ആ വിധികള്‍ക്കൊക്കെയുള്ള ഉപകാരസ്മരണയാണ് പുതിയ സ്ഥാനലബ്ദിയെന്ന് വിലയിരുത്തേണ്ടിവരും.

ഭരിക്കുന്ന പാര്‍ട്ടിയുടെ വാലാകുന്ന ന്യായാധിപന്‍മാര്‍ ജനാധിപത്യ ഇന്ത്യയുടെ അടിത്തറ തന്നെ ഇളക്കും. ഡല്‍ഹി കലാപ സമയത്ത് ബിജെപി നേതാക്കളുടെ കലാപാഹ്വാനങ്ങളെയും വിദ്വേഷ പ്രചരണങ്ങളെയും ചര്‍ച്ചക്ക് കൊണ്ട് വന്ന ജഡ്ജിയെ അര്‍ധ രാത്രിയില്‍ തന്നെ സ്ഥലം മാറ്റുന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് സംഭവിക്കുന്ന ഇത്തരം അപകടകരമായ പ്രവണതകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് പ്രതികരിക്കേണ്ടതുണ്ടെന്നും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പത്ര കുറിപ്പിലൂടെ അറിയിച്ചു.