ദോഹ: ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഖത്തറിലേക്ക് മടങ്ങിയാല്‍ ഹോട്ടലിലോ വീട്ടിലോ ഒരാഴ്ച്ച ക്വാറന്റീനില്‍ കഴിയല്‍ നിര്‍ബന്ധമാണ്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന വരുന്നവര്‍ക്കു പുറമേ കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും വീട്ടില്‍ ക്വാറന്റീനില്‍ കഴിയാവുന്നതാണെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇന്ത്യ വ്യാപനം കൂടിയ രാജ്യമായതിനാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വിമാനം കയറാനാവില്ല. ഖത്തര്‍ അംഗീകൃത കോവിഡ് ടെസ്റ്റിങ് കേന്ദ്രത്തില്‍ നിന്ന് യാത്രയുടെ 48 മണിക്കൂറിനകം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കണം. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിലവില്‍ ലഭ്യമായ വിവരപ്രകാരം തുര്‍ക്കിയില്‍ മാത്രമാണ് ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രമുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇനിയും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അത്തരം കേന്ദ്രങ്ങളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
വീട്ടിലെ മറ്റ് അഗംങ്ങളുമായി ബന്ധമില്ലാത്ത രീതിയില്‍ അറ്റാച്ച്ഡ് ബാത്തറൂം ഉള്ള മുറിയില്‍ മാത്രമേ ഹോം ക്വാറന്റീനില്‍ കഴിയാനാവൂ. നാലോ അഞ്ചോ പേര് ഒരുമിച്ച് താമസിക്കുന്ന ബാച്ചിലര്‍ മുറികളോ ഒറ്റമുറി മാത്രമുള്ള ഫാമിലി റൂമോ ഇതിനായി ഉപയോഗിക്കാനാവില്ല. മറ്റുള്ളവരുമായി ഫോണില്‍ മാത്രമേ ബന്ധപ്പെടാന്‍ പാടുള്ളുവെന്നും അടിയന്തര സാഹചര്യത്തില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ഹമദ് ഡെിക്കല്‍ കോര്പറേഷന് പകര്‍ച്ച വ്യാധി കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു.
ഹോം ക്വാറന്റീന് നിബന്ധനകള്‍
1. കുടുംബത്തിലെ മറ്റംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടുകയോ സന്ദര്‍ശകരെ അനുവദിക്കുകയോ ചെയ്യരുത്.
2. കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ഹോം ക്വാറന്റീനില്‍ കഴിയുന്ന ആള്‍ക്ക് ഭക്ഷണം ഉള്‍പെടെയുള്ള സഹായങ്ങള്‍ എത്തിക്കാം. എന്നാല്‍ കൈയുറയും മാസ്കും ധരിച്ചിരിക്കണം. പരിചരിക്കുന്ന വ്യക്തി മുറിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍ മാസ്കും കൈയുറയും ഉപേക്ഷിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും വേണം. ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിച്ചു കൊണ്ടാണ് ക്വാറന്റീനില്‍ കഴിയുന്നയാളെ പരിചരിക്കേണ്ടത്.
2. വീട്ടിലെ എല്ലാ അംഗങ്ങളും ഹാന്‍ഡ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് തുടര്‍ച്ചയായി കൈകള്‍ വൃത്തിയാക്കണം. കൈകള്‍ വൃത്തിയാക്കാതെ മൂക്കിലോ വായയുടെ ഭാഗങ്ങളിലോ സ്പര്‍ശിക്കാന്‍ പാടില്ല.
3. വീട്ടിലെ അംഗങ്ങള്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് മൂക്കും വായും പൊത്തണം. ഇതിനു ശേഷം ടിഷ്യു പേപ്പര്‍ സുരക്ഷിതമായി ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച ശേഷം ഉടന്‍ കൈകള്‍ വൃത്തിയാക്കണം.
4. വീട്ടിലെ അംഗങ്ങള്‍ ബെഡ് ഷീറ്റോ ബാത്ത് ടവ്വലോ മറ്റ് ഗാര്‍ഹിക വസ്തുക്കളോ മറ്റുള്ളവരുമായി പങ്കിടരുത്. ഇവ ഉപയോഗിച്ച ശേഷം സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കഴുകണം.
5. വാതില്‍ പിടി ഉള്‍പെടെയുള്ള ഉപരിതലങ്ങള്‍, ടെലിവിഷന്‍ റിമോട്ട്, മൊബൈല്‍ ഫോണ്‍, മേശ, ബാത്റൂം എന്നിവ ദിവസവും തുടച്ച് അണുവിമുക്തമാക്കണം.
6. ശുചീകരണത്തിന് ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലൗസ് മാത്രമേ പാടുള്ളു. ക്വാറന്റീനില്‍ കഴിയുന്നവരുടെ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ മറ്റുള്ളവരുടേതുമായി കൂട്ടിക്കലരാതെ ശ്രദ്ധിക്കണം.
7. ഹോം ക്വാറന്റീനിലുള്ളവര്‍ ഭക്ഷണം പാചകം ചെയ്യുകയോ അടുക്കളയില്‍ പ്രവേശിക്കുകയോ ചെയ്യരുത്. താമസിക്കുന്ന മുറിയില്‍ തന്നെയായിരിക്കണം ഭക്ഷണം കഴിക്കുന്നത്. മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
8. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ദിവസവും 8 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
9. വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മരുന്നുകള്‍ മുറിയില്‍ കരുതണം.
10. കുട്ടികളുമായോ വീട്ടിലെ വളര്‍ത്തു മൃഗങ്ങളുമായോ ഒരു തരത്തിലുള്ള സമ്പര്‍ക്കവും പാടില്ല.
11. ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ മുറിയില്‍ മതിയായ ഫെയ്സ് മാസ്കുകള്‍, കൈയുറകള്‍, ഒരു തെര്‍മോമീറ്റര്‍, പാരസെറ്റമോള്‍, ഹാന്‍ഡ് സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, ഹോം ക്ലീനിംഗ് ഇനങ്ങള്‍, ടോയ്ലറ്റ്, കിച്ചന് ഡിറ്റര്‍ജന്റുകള്‍, ടിഷ്യു പേപ്പര്‍, ആല്‍ക്കഹോള്‍ വൈപ്, അടപ്പുള്ള ചവറ്റുകുട്ട എന്നിവ ഉറപ്പുവരുത്തണം.
12. ഹോം ക്വാറന്റീന് കാലയളവില്‍ രണ്ടോ മൂന്നോ ദിവസം ഇടവിട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ സന്ദര്‍ശനം അനുവദിക്കണം. ഇഹ്തിറാസ് ആപ് നിര്‍ബന്ധമായും മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
13. ക്വാറന്റീന് തുടങ്ങി അഞ്ചാം ദിവസമോ ആറാം ദിവസമോ സ്രവ പരിശോധന ഉറപ്പുവരുത്തണം. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കണം.
Qatar issues guidelines for home quarantine