ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും 2022 ലോക കപ്പിന് ശേഷവും അത് തുടരുമെന്നും തൊഴില്‍ മന്ത്രി അലി ബിന്‍ സമൈക് അല്‍മര്‍റി. രാജ്യത്തുള്ള വിദേശ തൊഴിലാളികളുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഖത്തറിനെതിരേ ആരോപണം ഉന്നയിച്ച് പുതുതായി രംഗത്തെത്തിയത്. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള സംഘടനകളുടെ അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപോര്‍ട്ട്.
മനുഷ്യാവകാശ സംഘടനയായ ഫെയര്‍ സ്ക്വയര്‍ സ്ഥാപക ഡയറക്ടര്‍ ജെയിംസ് ലിഞ്ചിനെയും റിപോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഖത്തര്‍ നടത്തിയ ചില നീക്കങ്ങള്‍ പോസിറ്റീവ് ആണെങ്കിലും ലോക കപ്പിന് ആതിഥ്യമരുളാനുള്ള അവസരം ലഭിച്ച 10 വര്‍ഷത്തിന് ശേഷമാണ് തൊഴില്‍ രംഗത്തെ പരിഷ്കരണം ആരംഭിച്ചതെന്നത് അദ്ദേഹം പോരായ്മയായി ചൂണ്ടിക്കാട്ടി. ജോലി മാറുന്നത് ഖത്തറില്‍ ഇപ്പോഴും പ്രയാസകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഖത്തറിലെ ബിസിനസ് സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ പരിഷ്കരണ നടപടികളില്‍ മെല്ലപ്പോക്ക് നടത്തുന്നത്. ലോക കപ്പിലൂടെ ലഭിക്കുന്ന ലോക ശ്രദ്ധ ഇല്ലാതാവുന്നതോടെ തൊഴിലാളികളുടെ സ്ഥിതി എന്താകുമെന്നതാണ് ചോദ്യമെന്നും ജെയിംസ് ലിഞ്ച് പറഞ്ഞു.
എന്നല്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ ഖത്തര്‍ നേടിയ പുരോഗതി ലോക കപ്പിന് ശേഷവും തുടരുമെന്ന് അല്‍മര്‍റി ഉറപ്പിച്ചു പറഞ്ഞു. മേഖലയില്‍ തന്നെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ(ഐഎല്‍ഒ) ഓഫിസ് തുറന്ന ആദ്യ രാജ്യമാണ് ഖത്തര്‍. 2022ന് ശേഷവും അവരുടെ സാന്നിധ്യം രാജ്യത്ത് തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും മികച്ച ശീലങ്ങളാണ് ഐഎല്‍ഒയുമായി സഹകരിച്ച് ഖത്തര്‍ നടപ്പാക്കുന്നത്. തൊഴിലുടമകളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള മനോഭാവം മാറ്റിയെടുത്ത് ഈ പരിഷ്കരണങ്ങള്‍ പൂര്‍ണ തോതില്‍ നടപ്പാക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.