Wednesday, January 19, 2022
HomeNewsfeedഉല്‍പ്പന്നങ്ങളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ചിത്രങ്ങള്‍ പാടില്ലെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം

ഉല്‍പ്പന്നങ്ങളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ചിത്രങ്ങള്‍ പാടില്ലെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: ഇസ്ലാമിക മൂല്യങ്ങള്‍ക്കും പൊതു സദാചാരത്തിനും നിരക്കാത്ത ലോഗോയോ ചിഹ്നങ്ങളോ ചിത്രങ്ങളോ ഉള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കാനോ പരസ്യം ചെയ്യാനോ പാടില്ലെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ചില ഷോപ്പുകളും പ്രമുഖ ഷോപ്പിങ് മാളുകളും സദാചാര മര്യാദയ്ക്ക് നിരക്കാത്ത ചിത്രങ്ങളോട് കൂടിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും പരസ്യം നല്‍കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008ലെ ആര്‍ട്ടിക്കിള്‍ 2 ഇക്കാര്യം അനുശാസിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കണമെന്നും മതപരമായ മൂല്യങ്ങളും ആചാരമര്യാദകളും ലംഘിക്കുന്ന വ്യപാരം പാടില്ലെന്നും അതില്‍ പറയുന്നുണ്ട്.

ഖത്തറിലെ മുഴുവന്‍ വ്യാപാരികളും ഷോപ്പിങ് മാളുകളും താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

1. ഖത്തര്‍ വിപണിയില്‍ വില്‍ക്കുന്നതിന് വേണ്ടി ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വിതണരം ചെയ്യും മുമ്പ് അതില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്തത്തോ പൊതു സദാചാരമോ ആചാര മര്യാദകളോ ലംഘിക്കുന്നതോ ആയ ലോഗോകള്‍, ഡിസൈന്‍, ചിഹ്നങ്ങള്‍, എഴുത്തുകള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പ് വരുത്തണം

2. പൊതു സദാചാരം ലംഘിക്കുന്നതും രാജ്യത്തെ ആചാര മര്യാദകള്‍ ലംഘിക്കുന്നതുമായ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഷോപ്പുകളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കരുത്

3. ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്തത്തോ പൊതു സദാചാരമോ ആചാര മര്യാദകളോ ലംഘിക്കുന്നതോ ആയ സമ്മാനങ്ങള്‍, പാക്കിങ് തുടങ്ങിയവ ഒഴിവാക്കണം. അത്തരം ലോഗോകള്‍, ചിഹ്നങ്ങള്‍, വാചകങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കാനും പാടില്ല.

4. സദാചാര വിരുദ്ധമായ ഉള്ളടക്കത്തോട് കൂടിയ ഓഡിയോ, വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കരുത്.

ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നത് തടയുന്നതിന് ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും. നിയമം ലംഘിക്കുന്നവര്‍ 10 ലക്ഷം റിയാല്‍ വരെ പിഴ, മൂന്ന് മാസം ഷോപ്പ് പൂട്ടിക്കല്‍, വാണിജ്യ ലൈസന്‍സ് റദ്ദാക്കല്‍, വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് വിലക്കല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

രാജ്യത്തിന്റെ ആചാര മര്യാദകള്‍ ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Most Popular