ഖത്തറില്‍ മൃഗങ്ങളെ ക്വാറന്റീന്‍ ചെയ്യാന്‍ രണ്ട് കൂറ്റന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

Qatar veterinary quarantine

ദോഹ: ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മൃഗങ്ങളെ ക്വാറന്റീന്‍ ചെയ്യുന്നതിന് ഖത്തര്‍ രണ്ട് പടുകൂറ്റന്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. ഹമദ് തുറമുഖത്തിന് സമീപം മിസഈദിലും അല്‍ റുവൈസ് തുറമുഖത്തിന് സമീപം അല്‍ ശമാലിലും നിര്‍മിക്കുന്ന കേന്ദ്രങ്ങളുടെ പണി മാസങ്ങള്‍ക്കകം പൂര്‍ത്തിയാവും.

മേഖലയില്‍ തന്നെ ഏറ്റവും ആധുനിക സംവിധാനങ്ങളോട് കൂടി നിര്‍മിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ കയറ്റുമതി, ഇറക്കുമതി ശേഷിയെ വലിയ തോതില്‍ സഹായിക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് സുപ്രധാന പങ്ക് വഹിക്കുന്നതാവും ഇവ. ഇറക്കമുതി ചെയ്യുന്ന മൃഗങ്ങള്‍ രാജ്യത്തേക്ക് പ്രവേശിക്കും മുമ്പ് തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ഈ കേന്ദ്രങ്ങള്‍ സഹായിക്കും.

അറവ് ശാല ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാവും. ഹമദ് തുറമുഖത്തിന് സമീപം ഒരുക്കുന്ന കേന്ദ്രത്തില്‍ 40,000 ആടുകള്‍, 2,000 ഒട്ടകങ്ങള്‍, 4,000 പശുക്കള്‍ എന്നിവയെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. എമര്‍ജന്‍സി വെറ്ററിനറി ക്ലിനിക്ക്, വെറ്ററിനറി ലബോറട്ടറി, ഓട്ടോപ്‌സി റൂം, സ്റ്റോറേജ് സംവിധാനം തുടങ്ങിയവ ഇവിടെ ഉണ്ട്. 600 ആടുകള്‍, 100 ഒട്ടകങ്ങള്‍, 100 പശുക്കള്‍ എന്നിവയെ ഒരു ദിവസം അറുത്ത് ഇറച്ചിയാക്കാനാവും.

റുവൈസ് തുറമുഖ ക്വാറന്റീനില്‍ 16,000 ആടുകള്‍, 1,600 ഒട്ടകങ്ങള്‍, 2,600 പശുക്കള്‍ എന്നിവയ്ക്കുള്ള സൗകര്യമാണുള്ളത്. പക്ഷികള്‍ക്കുള്ള പ്രത്യേക സൗകര്യം ഈ കേന്ദ്രത്തിലുണ്ട്.