ദോഹ: ഖത്തറില്‍ ലഭ്യമായ മെറ്റ്ഫോര്‍മിന്‍ അടങ്ങിയ പ്രമേഹ മരുന്നുകള്‍(ഗ്ലൂക്കോഫേജ്) സുരക്ഷിതമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. അവയില്‍ കാന്‍സറിന് കാരണമാവുന്ന എന്‍-നൈട്രോസോഡിമെഥൈലാമിന്(എന്‍ഡിഎംഎ) അടങ്ങിയിട്ടില്ലെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മെറ്റ്ഫോര്‍മന്‍ അടങ്ങിയ മരുന്നുകളില്‍ അനുവദനീയമായതിലും കൂടുതല്‍ എന്‍ഡിഎംഎ കണ്ടെത്തിയതായി പ്രാഥമിക പരിശോധനകളില്‍ തെളിഞ്ഞുവെന്ന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യൂറോപ്യന്‍ മെഡിസിന് എജന്‍സിയും അറിയിച്ചിരുന്നു. അനുവദനീയമായതിലും കൂടുതല്‍ അകത്തു ചെന്നാല്‍ കാന്‍സറിന് ഹേതുവാകുന്ന രാസവസ്തുവാണ് എന്‍ഡിഎംഎ.
എന്നാല്‍, ഖത്തറില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ ഇവ സുരക്ഷിതമാണന്ന് വ്യക്തമായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സാംപിള്‍ പരിശോധനകളും വിശകലനവും തുടരും. മെറ്റ്ഫോര്‍മിന്‍ ഉള്‍പ്പെട്ട മരുന്നുകള്‍ പ്രമേഹ രോഗികള്‍ക്ക് തുടര്‍ന്നും കഴിക്കാമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ആവശ്യമായ ഉപദേശങ്ങള്‍ തേടണമെന്നും മന്ത്രാലയം അറിയിച്ചു.
പ്രമേഹ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ മെറ്റ്ഫോര്‍മിന്‍ ഗ്ലൂക്കോഫേജ് എന്ന വ്യാപാര നാമത്തിലാണ് അറിയപ്പെടുന്നത്. പ്രകൃതിയില്‍ തന്നെ ലഭ്യമായ എന്‍ഡിഎംഎ ചില മരുന്നുകളില്‍ ഉണ്ടാവാറുണ്ടെങ്കിലും അത് സുരക്ഷിതമായ കുറഞ്ഞ അളവിലായിരിക്കും.
Qatar MoPH clarification on pharma products containing metformin