Sunday, January 23, 2022
HomeNewsfeedഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു; എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആഹ്വാനം

ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു; എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആഹ്വാനം

ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് കേസുകള്‍ ഒക്ടോബറിനെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാക്‌സിനെടുക്കാത്തവര്‍ നിര്‍ബന്ധമായും എടുക്കണം. വാക്‌സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് ആവശ്യപ്പെട്ടു.

ഈയിടെ കോവിഡ് ബാധിച്ചവരെല്ലാം വാക്‌സിനെടുക്കാത്തവരോ ആറ് മാസം കഴിഞ്ഞിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരോ ആണെന്ന് അല്‍ ബയാത്ത് ചൂണ്ടിക്കാട്ടി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് മറ്റൊരു കാരണം. ഉദാഹരണത്തിന് തുറസ്സായ സ്ഥലത്ത് മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്ന ഇളവുണ്ട്, എന്നാല്‍ അത് ജനക്കൂട്ടം ഇല്ലാത്ത സ്ഥലമായിരിക്കണമെന്ന ഉപാധി പലരും പാലിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.

മാസ്‌കിന്റെ കാര്യത്തില്‍ മാത്രമല്ല, സാമൂഹിക അകലത്തിന്റെ കാര്യത്തിലും ഈ അലംഭാവമുണ്ട്. പലരും ഹസ്തദാനം ചെയ്യുന്നതും മാസ്‌ക് ഇടാതെ തന്നെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്നതും പുനരാരംഭിച്ചിട്ടുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടൊക്കെയാണ് അടുത്ത കാലത്ത് കോവിഡ് കേസുകള്‍ കൂടിയതെന്ന് ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

മാസ്‌ക്ക് കോവിഡിനെതിരേ മാത്രമല്ല, സീസണല്‍ പകര്‍ച്ചപ്പനിക്കെതിരേയും ആസ്ത്മ രൂക്ഷമാവുന്നത് തടയാനും ഫലപ്രദമാണെന്ന് അവര്‍ വിശദീകരിച്ചു.

വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളുടെ പ്രചാരണം വിശ്വസിക്കരുത്. വാക്‌സിന്‍ ഫലപ്രദമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞതാണ്. ഒന്നും രണ്ടും ഡോസ് എടുത്തപ്പോള്‍ ഉണ്ടായത് പോലുള്ള പാര്‍ശ്വഫലങ്ങള്‍ മൂന്നാം ഡോസിനും ഉണ്ടായേക്കാമെന്നും അല്‍ ബയാത്ത് വ്യക്തമാക്കി.

 

Most Popular