മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തര്‍; ലോകത്ത് 27ാം റാങ്ക്

global peace index qatar1

ദോഹ: മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന പദവി ഖത്തറിന്. 2020ലെ ആഗോള സമാധാന സൂചികയില്‍(ജിപിഐ) ലോകത്ത് 27ാം റാങ്കും ഖത്തര്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്ന് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഖത്തര്‍ ഈ നേട്ടേമുണ്ടാക്കിയത്. ആസ്‌ത്രേലിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കോണമിക്‌സ് ആന്റ് പീസ് തയ്യാറാക്കിയ പട്ടിക പ്രകാരം 1.616 ആണ് ഖത്തറിന്റെ സ്‌കോര്‍.

global peace index qatar

ലോകത്തെ 163 രാജ്യങ്ങളും പ്രദേശങ്ങളുമാണ് ജിപിഐ പട്ടികയില്‍ പരിശോധനാവിധേയമാക്കിയത്. ഏറ്റവും കുറഞ്ഞ കൊലപാതങ്ങളും അക്രമങ്ങളും, സമൂഹത്തിലെ കുറ്റകൃത്യത്തിലെ വ്യാപന തോത്, രാഷ്ട്രീയ സ്ഥിരത, ഭീകരതയില്‍ നിന്നും അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും മുക്തമായ സമൂഹം, ഭീഷണിയുടെയും സംഘര്‍ഷങ്ങളുടെയും അഭാവം തുടങ്ങിയവയാണ് ഖത്തറിനെ മികച്ച സ്ഥാനം നേടാന്‍ പര്യാപ്തമാക്കിയത്.

സുരക്ഷാ രംഗത്ത് ഖത്തര്‍ കൈവരിച്ച നേട്ടമാണ് ഈ സൂചികയില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

Qatar most peaceful in MENA region, ranks 27 globally in GPI