ഖത്തര്‍ ദേശീയ ദിന ആഘോഷത്തിമര്‍പ്പിലേക്ക്; എയര്‍ഷോ നാളെ മുതല്‍

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള എയര്‍ ഷോയ്ക്ക് നാളെ തുടക്കമാവും. പല സ്ഥലങ്ങളില്‍ വിവിധ ദിവസങ്ങളിലായാണ് എയര്‍ ഷോ നടക്കുന്നത്. ഖത്തര്‍ ദേശീയ ദിനത്തിന്റെ പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയിലും നാളെ മുതല്‍ പരിപാടികള്‍ക്ക് തുടക്കമാവും.

ഖത്തര്‍ പതാകയും വര്‍ണരാജികള്‍ വിതറുന്ന വെടിക്കട്ടും ഉള്‍പ്പെടുത്തി പാരഗ്ലൈഡര്‍മാരുടെ ലൈവ് എയര്‍ ഷോ നാളെ വൈകീട്ട് 4മണി മുതല്‍ 6മണി വരെ ആസ്പയര്‍ പാര്‍ക്കില്‍ നടക്കും. വെള്ളിയാഴ്ച്ച കോര്‍ണിഷില്‍ ദേശീയ ദിനത്തിന് വേണ്ടിയുള്ള റിഹേഴ്‌സല്‍ നടക്കും. ദര്‍ബ് അല്‍ സായിയില്‍ ഡിസംബര്‍ 15ന് വൈകീട്ട് 4മണി മുതല്‍ 6 മണി വരെയും കത്താറയില്‍ ഡിസംബര്‍ 17ന് വൈകീട്ടുമാണ് എയര്‍ ഷോ.

ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് കോര്‍ണിഷില്‍ സൈനിക പരേഡിനോടനുബന്ധിച്ചും എയര്‍ ഷോ നടക്കും. ദര്‍ബ് അല്‍ സായിയില്‍ നാളെ വൈകുന്നേരം മുതല്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കു തുടക്കമാവും. വൈകീട്ട് 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഡിസംബര്‍ 20 വരെ ഇവിടെ ആഘോഷ പരിപാടികള്‍ തുടരും.

മികവിന്റെ പാത കഠിനമാണ് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. ഖത്തറിന്റെ സ്ഥാപകന്‍ ശെയ്ഖ് ജാസിമിന്റെ കവിതയില്‍ നിന്നെടുത്ത വരികളാണ് ഈ മുദ്രാവാക്യം.

ദര്‍ബ് അല്‍ സായിയിലെ പരിപാടികളില്‍ സാംസ്‌കാരിക കായിക മന്ത്രാലയം, പോലിസ് കോളേജ്, ജനറല്‍ ഡയറക്ടേറ്റ് ഓഫ് ട്രാഫിക് തുടങ്ങിയവ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. ഖത്തര്‍ സാംസ്‌കാരിക പൈതൃകം ഓര്‍മിപ്പിക്കുന്ന മറ്റ് വിവിധ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.