ദോഹ: പുലര്‍ച്ചെ മുതല്‍ പെയ്ത മഴയും ഏത് നിമിഷവും തിമിര്‍ത്തു പെയ്യാവുന്ന ആകാശവും ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ പൊലിമ ഒട്ടും കുറച്ചില്ല. ഖത്തറിന്റെ സൈനിക വീര്യം കോര്‍ണിഷിന്റെ കരയും കടലും ആകാശവും കീഴടക്കുമ്പോള്‍ മറൂണും വെള്ളയും കലര്‍ന്ന കൊടികള്‍ വീശിയും ആര്‍പ്പുവിളിച്ചും ആയിരങ്ങളാണ് കോര്‍ണിഷ് പാതയുടെ ഇരുവശത്തും അണിനിരന്നത്.
രാവിലെ കൃത്യം 9.30ന് ആരംഭിച്ച സൈനിക പരേഡ് വീക്ഷിക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിയിരുന്നു. കര, വ്യോമ, നാവിക സേനകള്‍ക്കു പുറമേ അമീരി ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, വ്യത്യസ്ത പോലിസ് വിഭാഗങ്ങള്‍ തുടങ്ങിയവയും പരേഡില്‍ അണിനിരന്നു.
ആകാശത്ത് വര്‍ണങ്ങള്‍ വിതറിയ യുദ്ധവിമാനങ്ങളും കോര്‍ണിഷ് വലം വച്ച നാവിക ബോട്ടുകളും അടിവച്ചുനീങ്ങിയ വിവിധ സേനാംഗങ്ങളും ഖത്തറിന്റെ സൈനിക കെട്ടുറപ്പും ദേശീയബോധവും വിളിച്ചോതുന്നതായി. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ പാരച്യൂട്ട് ജംപിങ് ഒഴിവാക്കിയിരുന്നു.
പരേഡ് കടന്നു പോകുന്ന വഴിയുടെ ഇരുവശവും കാത്തുനിന്ന കുട്ടികളെയും പൊതുജനങ്ങളെയും അമീര്‍ അഭിവാദ്യം ചെയ്തു.
പബ്ലിക് പാര്‍ക്സ് ഡിപാര്‍ട്ട്മെന്റ് രണ്ടര ലക്ഷത്തോളം പൂച്ചെടികള്‍ ഉപയോഗിച്ച് കോര്‍ണിഷില്‍ ഒരുക്കിയ ഖത്തര്‍ ദേശീയ പതാക ഇത്തവണത്തെ ആഘോഷങ്ങളില്‍ പ്രധാന ആകര്‍ഷണമായി. 110 ചതുരശ്രമീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുള്ള പതാക 2,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തായാണ് ഒരുക്കിയത്.