ദോഹ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട ഖത്തര്‍ ദേശീയ ലൈബ്രറി ഇന്നു തുറക്കും. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ട് നിയന്ത്രണങ്ങളോടെയാവും ലൈബ്രറി പ്രവര്‍ത്തിക്കുക.
ലൈബ്രറി സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അപ്പോയിന്മെന്റ് എടുക്കണം. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയും രണ്ട് സ്ലോട്ടുകളിലാണ് അപ്പോയിന്മെന്റ് അനുവദിക്കുക. ലൈബ്രറി വെബ്സൈറ്റിന്റെ ഹോം പേജില്‍ അപ്പോയിന്മെന്റ് ലിങ്ക് ലഭ്യമാണെന്ന് ഫെസിലിറ്റീസ് മാനേജര്‍ ലുലുവ എ അല്‍ നഈമി പറഞ്ഞു.
13 വയസ്സിനും 60 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്കു മാത്രമാണ് സന്ദര്‍ശനാനുമതി. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ശരീരോഷ്മാവ് 37.8 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല. ഫേസ് മാസ്ക്കോ ഷീല്‍ഡോ ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും അവര്‍ അറിയിച്ചു.
വാരാന്ത്യങ്ങളില്‍ ലൈബ്രറി അടച്ചിടും. ഒരു സ്ലോട്ടില്‍ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇരിക്കാനുള്ള സൗകര്യവും വര്‍ക്ക് സ്റ്റേഷനുകളും പരിമിതമായിരിക്കും. നിലവില്‍ പുസ്തകങ്ങള്‍ മാത്രമേ എടുക്കാന്‍ അനുവദിക്കൂ. ഡിവിഡികളും സിഡികളും എടുക്കാന്‍ സാധിക്കില്ല. ഐപാഡ്, ഹെഡ്ഫോണ്, ചാര്‍ജറുകള്‍, മറ്റ് ഉപകരണങ്ങളും നിലവില്‍ ലഭ്യമാകില്ല.
ലൈബ്രറി സന്ദര്‍ശിക്കുന്നതിന് ചുരുങ്ങിയത് രണ്ടു ദിവസം മുമ്പ് തങ്ങള്‍ക്ക് ആവശ്യമായ പുസ്തകത്തിന് വേണ്ടി അപേക്ഷ നല്‍കണം. ഇവ അതത് ടൈം സ്ലോട്ടില്‍ ജീവനക്കാര്‍ തയ്യാറാക്കിവയ്ക്കും. സെല്‍ഫ് ചെക്കൗട്ട് സ്റ്റേഷന് വഴി മാത്രമായിരിക്കും പുസ്തകം എടുക്കാന്‍ സാധിക്കുക. അംഗങ്ങള്‍ മെമ്പര്‍ഷിപ്പ് കാര്‍ഡും ലൈബ്രറി വിസിറ്റ് ബുക്കിങുമായാണ് വരേണ്ടതെന്നും അല്‍ നഈമി പറഞ്ഞു.
തിരിച്ചുനല്‍കുന്ന പുസ്തകങ്ങള്‍ വീണ്ടും സര്‍ക്കുലേറ്റ് ചെയ്യും മുമ്പ് അഞ്ച് ദിവസം ഐസൊലേറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പുസ്തകങ്ങള്‍ തിരിച്ചുനല്കുന്നതിനായി ലൈബ്രറിയുടെ പ്രധാന വാതിലില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈബ്രറി കെട്ടിടത്തിന് പുറത്തുള്ള ഡ്രൈവ് ത്രൂ ബൂക്ക് സ്്റ്റേഷനുകളും ഇതിനായി ഉപയോഗപ്പെടുത്താം.
Qatar National Library reopens today