റമദാനില്‍ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിപ്പ് ഖത്തര്‍

ദോഹ: വിശുദ്ധ റമദാനില്‍ വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച് ഖത്തര്‍. ദോഹ, ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തറിന്റെ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

മഗ്‌രിബ് നമസ്‌കാരത്തിനുള്ള അദാനിന് (പ്രാര്‍ഥനയ്ക്കുള്ള വിളി) തൊട്ടുമുമ്പ് പരമ്പരാഗത പീരങ്കി വെടിവയ്പ്പ് ഖത്തറിലുടനീളം കാണാന്‍ കഴിയും. പീരങ്കി വെടിവയ്പ്പ് ഓരോ ദിവസത്തെയും നോമ്പിന്റെ സമാപനത്തെയാണു കുറിക്കുന്നത്. സൂഖ് വാഖിഫ്, സൂഖ് വക്ര, ലുസൈല്‍ ബൊളിവാര്‍ഡ്, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ബോക്‌സ് പാര്‍ക്കിന് എതിര്‍വശത്തുള്ള പൂന്തോട്ടം എന്നിവിടങ്ങളില്‍ പീരങ്കി വെടിവയ്പ്പ് നേരിട്ടു കാണാം.

സൂഖ് വാഖിഫ് ഭരണകൂടം കുട്ടികള്‍ക്ക് സൗജന്യ ഇഫ്താര്‍ ഭക്ഷണവും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റമദാന്‍ പ്രമാണിച്ച് കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ വിവിധങ്ങളായ 23-ാളം ആഘോഷപരിപാടികള്‍ നടത്തും. അറബ് തപാല്‍ സ്റ്റാമ്പുകളുടെ പ്രദര്‍ശനവും ആളുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ആയിരം റിയാല്‍ ക്യാഷ് പ്രൈസ് നേടാനുള്ള അവസരമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.