ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍; ഉല്‍പ്പാദന ശേഷി വര്‍ഷം 110 ദശലക്ഷം ടണ്‍ ആവും

qatar petroleum lng project

ദോഹ: നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ടിന് അന്തിമ നിക്ഷേപം നടത്താന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്രവീകൃത പ്രകൃതി വാതക(എല്‍എന്‍ജി) പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ എല്‍എന്‍ജി ഉല്‍പ്പാദനം 77 ദശലക്ഷം ടണ്ണില്‍ നിന്ന് 110 ദശലക്ഷം ടണ്‍ ആവും.

എല്‍എന്‍ജിക്ക് പുറമേ കണ്ടന്‍സേറ്റ്, എല്‍പിജി, ഈഥെയിന്‍, സള്‍ഫര്‍, ഹീലിയം തുടങ്ങിയവയും പദ്ധതിയില്‍ ഉല്‍പ്പാദിപ്പിക്കും. 2025 നാലാംപാദത്തില്‍ ഉല്‍പ്പാദനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. മൊത്തം ഉല്‍പ്പാദനം ദിവസം 1.4 ദശലക്ഷം ബാരല്‍ എണ്ണയ്ക്ക് തുല്യമാവും. ഇന്ന് നടന്ന ഒപ്പുവയ്ക്കല്‍ ചടങ്ങിലാണ് അന്തിമ നിക്ഷേപ പ്രഖ്യാപനം നടന്നത്. ഊര്‍ജ സഹമന്ത്രി സഅദ് ശെരിദ അല്‍ കഅബി, ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ കസൂസി ഒക്കാവ, ചിയോഡ കോര്‍പറേഷന്‍ സിഇഒ അര്‍നോദ് പീറ്റണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 28.75 ബില്ല്യന്‍ ഡോളറാണ് നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ടിന്റെ ആകെ ചെലവ്.