ഖത്തര്‍ പെട്രോളിയം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; പ്രഖ്യാപനം പെരുന്നാളിന് ശേഷം

QATAR PETROLEUM JOB CUT

ദോഹ: എണ്ണ, വാതക വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തര്‍ പെട്രോളിയം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ചെലവ് ചുരുക്കാനും പദ്ധതിയിടുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് എണ്ണവിപണിയിലുണ്ടായ പ്രതിസന്ധിയാണ് നടപടിക്ക് പിന്നിലെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ഇന്ധനത്തിന്റെ ആവശ്യകതയില്‍ ഉണ്ടാക്കിയ കുത്തനെയുള്ള ഇടിവ് ആഗോള എണ്ണവിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ഖത്തര്‍ പെട്രോളിയം ചീഫ് എക്‌സിക്യൂട്ടീവ് സഅദ് ശെരിദ അല്‍ കഅബി ഇന്റേണല്‍ മെമ്മോ അയച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്ന് മെമ്മോയില്‍ പറയുന്നു. മെയ് അവസാന വാരത്തിലാണ് ഈദ് അവധി.

എല്ലാ എണ്ണ, വാതക കമ്പനികളെയും പോലെ ക്യുപിയും ചെലവ് ചുരുക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.

ആറ് വര്‍ഷത്തിനിടെ ഖത്തര്‍ പെട്രോളിയത്തില്‍ ഇത് മൂന്നാം തവണയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെലവ് ചുരുക്കുകയും ചെയ്യുന്നത്. 2015ല്‍ എണ്ണ, വാതക വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ജീവക്കാരുടെ എണ്ണം പുനക്രമീകരിക്കുകയും അപ്രധാന വ്യാപാരങ്ങളെല്ലാം ഒഴിവാക്കുകയും ചെയ്യുന്നതായി ക്യുപി പ്രഖ്യാപിച്ചിരുന്നു. 2018ല്‍ പ്രകൃതിവാതക കമ്പനിയായ ഖത്തര്‍ ഗ്യാസും റാസ് ഗ്യാസും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കി.

2018ല്‍ ക്യുപിയുടെ പ്രവര്‍ത്തന ചെലവ് 400 കോടി റിയാലാക്കി ചുരുക്കാന്‍ സാധിച്ചതായി കഅബി റോയിട്ടേഴ്‌സിനോട് പറഞ്ഞു. 8,000ഓളം പേര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്.

Qatar Petroleum plans a new wave of job cuts and spending reductions to cope with the slump in oil and gas demand which has hit global economies, according to Reuters.