Friday, October 7, 2022
HomeGulfQatarഖത്തറില്‍ ഇന്നു മുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കും

ഖത്തറില്‍ ഇന്നു മുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടത്തിന് ഖത്തറില്‍ ഇന്ന് തുടക്കം. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുരനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ഇന്ന് മുതല്‍ നടപ്പിലാവും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതലാണ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. ഡ്രൈവിങ് പരിശീലനവും ടെസ്റ്റും ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഡ്രൈവിങ് ഗൈഡ് ആപ്പ് വഴി തിയറി ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടര്‍ന്നിരുന്നു. 50 ശതമാനം ശേഷിയിലാണ് ഇന്ന് ഡ്രൈവിങ് ഇന്‍സറ്റിറ്റിയൂട്ടുകള്‍ തുറക്കുക. തിയറി ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുറക്കുമ്പോള്‍ ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റു നടപടികളിലേക്ക് കടക്കാമെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു.

ഖത്തറിലെ മിക്ക ഡ്രൈവിങ് സ്‌കൂളുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റ്‌സ് കാണിക്കുകയും മാസ്‌ക്ക് ധരിക്കുകയും ചെയ്യണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അറിയിച്ചു. ഇതോടെ, ഡ്രൈവിങ് വിസയിലെത്തി ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവരും മറ്റു ജോലികളുമായി ബന്ധപ്പെട്ട് ഡ്രൈവിങ് ലൈസന്‍സിനായി കാത്തിരിക്കുന്നവരുമായി ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാവും.

ഇന്ന് മുതല്‍ നടപ്പിലാവുന്ന മറ്റ് ഇളവുകള്‍

-നിശ്ചിത പള്ളികളില്‍ ഈദ് പ്രാര്‍ത്ഥനകള്‍ക്കും വെള്ളിയാഴ്ചയിലെ ജുമുഅയ്ക്കും അനുമതി.

-സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 ശതമാനം പേര്‍ക്ക് ഹാജരാകാം. ഒരു മുറിയില്‍ 10 പേരില്‍ കൂടുതല്‍ യോഗം ചേരാന്‍ പാടില്ല.

-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 80 ശതമാനം ശേഷിയില്‍ തുറക്കാം. അടിയന്തര സേവനങ്ങള്‍ നല്‍കാം. എന്നാല്‍ ഭവന പരിചരണ സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് ജീവനക്കാര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണം. ഫേസ് ഷീല്‍ഡ്, പിപിഇ, കയ്യുറകള്‍ എന്നിവ ധരിക്കണം.

-ഔട്ട്ഡോര്‍ വേദികളില്‍ പരമാവധി 30 പേര്‍ക്കും ഇന്‍ഡോര്‍ വേദികളില്‍ 10 പേര്‍ക്കും ഒത്തുകൂടാം.

-മാളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ തുടരാം. എന്നാല്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. സൂഖുകള്‍ക്ക് 75 ശതമാനം, മൊത്ത വിപണികള്‍ക്ക് 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.

-ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷനും മുന്‍കൂര്‍ റജിസ്ട്രേഷനും എടുത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന റസ്റ്ററന്റുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ഷോപ്പിങ് മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍ തുറക്കില്ല. എന്നാല്‍ റസ്റ്ററന്റുകള്‍ക്കും കഫേകള്‍ക്കും തുറക്കാം.

– ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവക്ക് 30 ശതമാനം
ശേഷിയില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഫേസ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ എന്നിവ ധരിക്കണം. എല്ലാ ജീവനക്കാരെയും കോവിഡ്-19 പരിശോധനക്ക് വിധേയമാക്കണം. അപ്പോയിന്‍മെന്റ് വഴി മാത്രമേ ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടുള്ളു.

-ജിം, സ്പോര്‍ട്സ് ക്ലബ്ബുകള്‍, വാട്ടര്‍പാര്‍ക്കുകള്‍, പുറത്തെ നീന്തല്‍ കുളങ്ങള്‍ എന്നിവക്ക് 50 ശതമാനം ശേഷിയില്‍ തുറക്കാം. എന്നാല്‍ ഹോട്ടലുകളിലെ മസാജ് സേവനങ്ങള്‍, ജക്കൂസി, നീന്തല്‍ കുളങ്ങള്‍ എന്നിവക്ക് അനുമതിയില്ല. വ്യക്തിഗത സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

-നഴ്സറികള്‍ക്കും ശിശുപരിപാലന കേന്ദ്രങ്ങള്‍ക്കും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

-പുറത്ത് വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട. എന്നാല്‍ മറ്റുള്ളവരുമായി 2 മീറ്റര്‍ അകലം പാലിക്കണം. കളിസ്ഥലങ്ങള്‍, പബ്ലിക് പാര്‍ക്കുകളിലെയും കോര്‍ണിഷിലേയും കായിക ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.

-കാണികളില്ലാതെ കായിക പരിപാടികള്‍ നടത്താം. ജിമ്മുകളില്‍ അമച്വര്‍, പ്രഫഷനലുകള്‍ക്ക് കായിക പരിശീലനം നടത്താം. എന്നാല്‍ പരമാവധി 40 പേര്‍ മാത്രമേ പാടുള്ളു.

Qatar Phase III of reopening begins today

Most Popular