Thursday, December 2, 2021
HomeGulfQatarഓളപ്പരപ്പില്‍ ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍; കറങ്ങുന്ന ഹോട്ടല്‍ വൈദ്യുതി സ്വയം ഉല്‍പ്പാദിപ്പിക്കും

ഓളപ്പരപ്പില്‍ ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍; കറങ്ങുന്ന ഹോട്ടല്‍ വൈദ്യുതി സ്വയം ഉല്‍പ്പാദിപ്പിക്കും

ദോഹ: ഓളപ്പരപ്പില്‍ ഒഴുകുകയും സ്വയം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഹോട്ടല്‍ ഖത്തറില്‍ ഒരുങ്ങുന്നു. സ്വയം കറങ്ങുന്നതിലൂടെ കാറ്റ്, സൗരോര്‍ജം, തിരമാല എന്നിവയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഹോട്ടലിന്റെ രൂപകല്‍പ്പന തുര്‍ക്കി കമ്പനിയായ സ്റ്റുഡിയോ ഹൈരി അതാക് ആണ് നിര്‍വഹിക്കുന്നത്.

ഊര്‍ജ നഷ്ടം പരമാവധി കുറച്ച് മാലിന്യം പൂര്‍ണമായും ഒഴിവാക്കുന്ന രീതിയിലാണ് 152 മുറികളുള്ള ഹോട്ടല്‍ ഒരുങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. വെര്‍ട്ടിക്കല്‍ ആക്‌സിസ് വിന്‍ഡ് ടര്‍ബൈന്‍ ആന്റ് അംബ്രല്ല എന്ന സംവിധാനം ഉപയോഗിച്ചാണ് ഹോട്ടല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. ഇത്തരത്തിലുള്ള 55 മൊഡ്യുളുകള്‍ ഉണ്ടാവും. ഓരോന്നും 25 കിലോവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.

ഹരിതോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമേ മഴവെള്ള സംഭരണത്തിനും ഹോട്ടലില്‍ സംവിധാനമുണ്ട്. ഹോട്ടല്‍ മേല്‍ക്കൂരയില്‍ സംഭരിക്കുന്ന വെള്ളം ഹോട്ടലിന്റെ പുല്‍ത്തകിടി നനയക്കാന്‍ ഉപയോഗിക്കും. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുടിക്കാന്‍ ഉപയോഗിക്കുക. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയില്‍ മലിന ജലം ശുദ്ധീകരിക്കപ്പെട്ട ശേഷമാണ് പുറത്തേക്കു വിടുക. ഭക്ഷണ മാലിന്യം വളമാക്കി മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കാറിലോ ബോട്ടിലോ ഹെലികോപ്ടറിലോ അല്ലെങ്കില്‍ ഡ്രോണിലോ അതിഥികള്‍ക്ക് ഹോട്ടലില്‍ എത്താം. ഇതിനായി ഹോട്ടലിന് മുകളില്‍ ഹെലിപ്പാഡും ഒരുക്കുന്നുണ്ട്. 700 ചതുരശ്ര മീറ്റര്‍ വ്യാസത്തില്‍ ലോബിയുള്ള ഹോട്ടലിലെ 152 മുറികളില്‍ ഓരോന്നിനും പ്രത്യേകം ബാല്‍ക്കണി ഉണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നീന്തല്‍ കുളങ്ങള്‍, സോന, സ്പാ, ജിം, മിനി ഗോള്‍ഫ് കോഴ്‌സ് തുടങ്ങിയ സൗകര്യങ്ങളും ഹോട്ടലില്‍ ഉണ്ടാവും.
ALSO WATCH

Most Popular