Saturday, October 23, 2021
HomeNewsInternationalയുദ്ധ ദുരിതം പേറുന്ന യമന് ഖത്തറിന്റെ 70 ദശലക്ഷം ഡോളര്‍

യുദ്ധ ദുരിതം പേറുന്ന യമന് ഖത്തറിന്റെ 70 ദശലക്ഷം ഡോളര്‍

ദോഹ: തുടര്‍ച്ചയായ യുദ്ധത്തിലും ഏറ്റുമുട്ടലിലും ദുരിതം പേറുന്ന യമന്‍ ജനതയ്ക്ക് 70 ദശലക്ഷം ഡോളര്‍ ഖത്തര്‍ വാഗ്ദാനം ചെയ്തതായി വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി അറിയിച്ചു. സ്വീഡനും സ്വിറ്റ്‌സര്‍ലന്റും ചേര്‍ന്ന് സംഘടിപ്പിച്ച വെര്‍ച്വല്‍ യുഎന്‍ സമ്മേളനത്തിലാണ് ഖത്തറിന്റെ വാഗ്ദാനം. 100ഓളം രാജ്യങ്ങള്‍ സംബന്ധിച്ച യോഗത്തില്‍ 385 കോടി ഡോളറാണ് യമനിലെ പട്ടിണി മാറ്റുന്നതിനായി വാഗ്ദാനം ചെയ്യപ്പെട്ടത്.

യമനിലെ ജീവിതം താങ്ങാനാവാത്തതാണ്. അവിടത്തെ കുട്ടികളുടെ കാര്യം നരകതുല്യമാണ്. യുദ്ധം യമനിലെ തലമുറകളെ മുഴുവന്‍ വിഴുങ്ങുകയാണ്-യോഗത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തെറസ് പറഞ്ഞു. 2013നും 2020നും ഇടയില്‍ ഖത്തര്‍ യമന് 195 ദശലക്ഷം ഡോളര്‍ സഹായം നല്‍കിയതായി യോഗത്തില്‍ അല്‍മുറൈഖി അറിയിച്ചു. ഇതിനു പുറമേ യമന് വേണ്ടിയുള്ള യുഎന്‍ പോപുലേഷന്‍ ഫണ്ടിലേക്ക് 5 ദശലക്ഷം ഡോളറും യുഎന്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് പ്രോഗ്രാമിലേക്ക് 2 ദശലക്ഷം ഡോളറും ഖത്തര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ വാഗ്ദാനം ചെയ്ത 70 ദശലക്ഷം ഡോളറില്‍ 10 ദശലക്ഷം ഖത്തര്‍ ഡവലപ്‌മെന്റ് ഫണ്ട് വിതരണം ചെയ്തു കഴിഞ്ഞു. യുനിസെഫുമായി സഹകരിച്ച് യമനിലെ കുടിവെള്ള, ശുചീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ തുക വിനിയോഗിക്കുക.
Qatar pledges $70 million to support Yemen at UN donor conference
ALSO WATCH

Most Popular