ഖത്തറില്‍ രണ്ടുപേരെ കൊലപ്പെടുത്തി നാടുവിട്ട പ്രതി പിടിയില്‍

qatar al wakra muder

ദോഹ: ഖത്തറിലെ അല്‍ വക്‌റയില്‍ സഹോദരങ്ങളായ രണ്ടു സുദാനികളെ കൊലപ്പെടുത്തി പണവുമായി കടന്ന പാകിസ്താനി സ്വദേശി പിടിയില്‍. കൊല നടത്തിയ ഉടനെ പ്രതി പാകിസ്താനിലേക്ക് കടന്നെങ്കിലും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തിരിച്ചെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച്ച വക്‌റയിലെ അബ്ദുല്‍ റഹ്‌മാന്‍ പ്രിപറേറ്ററി സ്‌കൂളിന് സമീപമുള്ള ഓഫിസില്‍ വച്ചാണ് കമാല്‍, സമി അലി അല്‍ബാഷിര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ ഓഫിസിലെ മുന്‍ തൊഴിലാണിയാണ് കൊല നടത്തിയ പാക് സ്വദേശി.

സാധാരണ പോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ സമി അലി അല്‍ബാഷിര്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് മൂത്ത സഹോദരനായ കമാല്‍ ഓഫിസിലെത്തിയത്. എന്നാല്‍, പിന്നീട് കമാലും ഫോണ്‍ എടുക്കാതായി. തുടര്‍ന്ന് കമ്പനി ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഉടമ എത്തിയപ്പോള്‍ ഓഫിസ് പൂട്ടിയ നിലയിലായിരുന്നു. സമിയുടെ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഉടമ പോലിസുമായി ബന്ധപ്പെടുകയും ഡോര്‍ പൊളിച്ച് അകത്തു കടക്കുകയും ചെയ്തപ്പോള്‍ സഹോദരങ്ങള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

മാസം ആദ്യമായതിനാല്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്യാനുള്ള ശമ്പളം സമിയുടെ കൈയില്‍ ഉണ്ടായിരുന്നു. ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കി കൃത്യമായി പിന്തുടര്‍ന്നാണ് പാക് സ്വദേശി കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്. കൊല നടത്തിയ ശേഷം പണം കൈക്കലാക്കി നേര എയര്‍പോര്‍ട്ടിലെത്തി നാടുവിടുകയായിരുന്നു. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംഭവം നടന്ന് മണിക്കുറൂകള്‍ക്കകം തന്നെ പ്രതി പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഖത്തരി അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഉടന്‍ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതാണ് പ്രതിയുടെ അറസ്റ്റിലേക്കു നയിച്ചത്. പ്രതിയെ ദോഹയിലെത്തിച്ച് നിയമ നടപടികള്‍ക്കായി കൈമാറി.