റിയാദ്: നാല്പതാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുന്നില്ല. പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫാ ആല്‍ഥാനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് കൊണ്ട് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. റിയാദിലെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രതിനിധി സംഘത്തെ വ്യോമ താവളത്തില്‍ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സഊദിന്റെ നേതൃത്വത്തിലുള്ള പ്രമുഖര്‍ സ്വീകരിച്ചു.
റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ആല് സഊദ്, മിനിസ്റ്റേഴ്സ് കൗണ്‍സില്‍ അംഗവും സഹമന്ത്രിയുമായ ഡോ. മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്, ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് റാഷിദ് അല്‍ സയാനി എന്നിവരും ഖത്തര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
അതേ സമയം, ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുക്കാത്തത് ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ പരിഹാരമുണ്ടായേക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചതായി അല്‍ ജസീറ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ അമീറിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ട് സൗദി രാജാവ് കത്തു കൊടുത്തയച്ചിരുന്നു.
2017 ല്‍ കുവൈത്തില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ഖത്തര്‍ അമീര്‍ അവസാനമായി പങ്കെടുത്തത്. എന്നാല്‍, അതിനു ശേഷം നടന്ന റിയാദ് ഉച്ചകോടിയില്‍ പല ജിസിസി രാജ്യങ്ങളും ഭരണാധികാരികള്‍ക്ക് പകരം മറ്റ് മന്ത്രിമാരെയും ഉന്നതതല പ്രതിനിധികളെയുമാണ് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ഏറ്റവും മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളെന്ന നിലയിലാണ് പ്രധാനമന്ത്രിയെ നാല്പതാമത് റിയാദ് ഉച്ചകോടിയിലേക്ക് അയക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഖത്തര്‍ അമീര്‍ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അനുരഞ്ജന ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ ഉണ്ടാവുമെന്ന് തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സൗദി അരാംകോയ്ക്കെതിരേ ആക്രമണം നടന്ന ശേഷം നടക്കുന്ന ഉച്ചകോടിയില്‍ ഇറാനെതിരെയുള്ള ജിസിസി രാജ്യങ്ങളുടെ ഐക്യവും ഗള്‍ഫ് പ്രതിസന്ധിയും പ്രധാന വിഷയമായേക്കുമെന്നാണ് സൂചന.