കൂടുതല്‍ കടുത്ത നടപടികളുമായി ഖത്തര്‍; എല്ലാ തരത്തിലുള്ള ഒത്തുകൂടലുകളും നിരോധിച്ചു; വാഹനത്തില്‍ ഒന്നിലധികം പേര്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണം

ദോഹ: കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി ഖത്തര്‍. എല്ലാ തരത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചു. വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലൗല അല്‍ ഖാത്തര്‍ ഖത്തര്‍ ടെലിവിഷനില്‍ അറിയിച്ചു.

കോര്‍ണിഷ്, പാര്‍ക്കുകള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലായിടത്തുമുള്ള ഒത്തുകൂടലുകളും നിരോധിച്ചിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്താന്‍ മൊബൈല്‍ പട്രോള്‍ ഏര്‍പ്പെടുത്തും. റോഡുകളില്‍ ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. നിയമലംഘനത്തെ കുറിച്ച് പരാതി അറിയിക്കാന്‍ ഹോട്ട്‌ലൈന്‍ ഒരുക്കും.

വാനഹത്തില്‍ ഡ്രൈവറെ കൂടാതെ യാത്രക്കാരുണ്ടെങ്കില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കും.

ഭക്ഷണ ശാലകളും ഫാര്‍മസികളും സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍, ജനക്കൂട്ടത്തിന് കാരണമാവുന്ന ഭക്ഷണ ശാലകള്‍ പൂട്ടുമെന്ന് വ്യാപാര വ്യവസായ മന്ത്രാലയം പ്രതിനിധി അറിയിച്ചു.