ദോഹ: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ഈജിപ്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.
ഈജിപ്തില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വഴി ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ സുരക്ഷ പരിഗണിച്ച് ഖത്തര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കാര്യം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യഎന്എ ആണ് റിപോര്‍ട്ട് ചെയ്തത്. കൊവിഡ്-19 പടരുന്ന സാഹചര്യത്തിലാണ് ഈ താല്‍ക്കാലിക നിയന്ത്രണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, മാര്‍ച്ച് 8ന് ഖത്തറില്‍ നടക്കാനിരിക്കുന്ന ഖത്തര്‍ മോട്ടോജിപി റദ്ദാക്കി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഇന്റര്‍നാഷനല്‍ മോട്ടോര്‍ സൈക്ലിങ് ഫെഡറേഷന് അറിയിച്ചു. ഇറ്റലിയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ലുസൈല്‍ സര്‍ക്യൂട്ടില്‍ നടക്കേണ്ടിയിരുന്ന മല്‍സരം റദ്ദാക്കുന്നതായി ഫെഡറേഷന്റെ അറിയിപ്പില്‍ പറയുന്നു.
അതേ സമയം, മോട്ടോ2, മോട്ടോ3 റേസുകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും. ഇതില്‍ പങ്കെടുക്കേണ്ട ടീമുകള്‍ നേരത്തേ തന്നെ ഇവിടെയെത്തിയതിനാലാണ് ഇത്.
യൂറോപ്പില്‍ കൊവിഡ്-19 ഏറ്റവും മാരകമായി ബാധിച്ച ഇറ്റലിയില്‍ ഇതിനകം 34 പേര് മരിക്കുകയും 1,600 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.