ദോഹ: ഖത്തറില്‍ ആദ്യ കൊറോണ വൈറസ് രോഗം(കൊവിഡ്-19) സ്ഥിരീകരിച്ചതായി പൊതുജനരാഗ്യമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 19നാണ് രോഗം സ്ഥിരീകരിച്ചത്.
ഈയിടെ ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത സര്‍ക്കാര്‍ വിമാനത്തിലാണ് അദ്ദേഹത്തെ ഖത്തറിലെത്തിച്ചത്. രോഗബാധ സ്ഥീരീകരിച്ച ആളെയും കൂടെയെത്തിയ മറ്റു യാത്രക്കാരെയും പൂര്‍ണമായും വേര്‍തിരിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി കേന്ദ്രത്തില്‍ കര്‍ശന നിബന്ധനകളോടെ ഐസൊലേഷന്‍ മുറികളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊറോണവൈറസിന്റെ സ്വഭാവവും ആഗോള വ്യാപ്തിയും പരിഗണിക്കുമ്പോള്‍ ഖത്തറിലും രോഗബാധ പ്രതീക്ഷിച്ചതാണെന്ന് പ്രസ്താവനയില്‍ വിശദീകരിച്ചു. രോഗിയുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിലാണ്. നിലവില്‍ രാജ്യത്ത് രോഗംപടരുന്നതായ സൂചനകളൊന്നുമില്ല. രാജ്യത്തെ എല്ലാ പ്രവേശന കേന്ദ്രങ്ങിളിലും യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ ആവശ്യമായ ജാഗ്രത എല്ലാവരും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഈ മുന്‍കരുതലുകള്‍ സ്വീകരിക്കുക
1. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക.
2. രോഗംബാധിച്ചവരുമായി അടുത്തിടപഴകാതിരിക്കുക.
3. തുമ്മുകയോ ചുമയക്കുകയോ ചെയ്യുമ്പോള്‍ നാപ്കിനോ ടവ്വലോ ഒന്നും ലഭ്യമല്ലെങ്കില്‍ ഷര്‍ട്ടിന്റെ കൈകളോ ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കുക, ഇവ പിന്നീട് അടച്ച പാത്രത്തില്‍ നിക്ഷേപിക്കുക
4. പനി ചുമ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക
5. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക
കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഉണ്ടായവരും പനി, ചുമ ലക്ഷണങ്ങള്‍ ഉള്ളവരും സ്വയം ഡോക്ടറുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയമാവുകയോ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ 16,000 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.