ഖത്തര്‍-സൗദി ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നു; ഏകോപന സമിതി രൂപീകരിച്ചു

QATAR SAUDI ARABIA

ദോഹ:ഖത്തറും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ഏകോപന സമിതി രൂപീകരിച്ചു. സൗദി വിഷന്‍ 2030ഉം ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ഉം സാധ്യമാക്കുന്നതിന് കൈകോര്‍ത്ത് പ്രവര്‍ത്തിക്കും.

ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി, സൗദി ആക്ടിങ് വിദേശകാര്യ മന്ത്രി മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ അലിബാന്‍ എന്നിവര്‍ സൗദി നഗരമായ നിയോമില്‍ ബുധനാഴ്ച്ച യോഗം ചേര്‍ന്നു. ഖത്തര്‍-സൗദി ഏകോപന സമിതി രൂപീകരണത്തിനുള്ള പുതുക്കിയ പ്രോട്ടോക്കോളില്‍ ഇരുവരും ഒപ്പുവച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായിരിക്കും സമിതിയുടെ അധ്യക്ഷന്മാര്‍. ഇരുരാജ്യങ്ങളിലെ മറ്റ് ഉന്നതരും ഇതില്‍ ഉണ്ടാവും. സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വളരെ ഊഷ്മളമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍സൗദ് പറഞ്ഞു.

ആഗസ്ത് മാസത്തില്‍ ഖത്തര്‍ റിയാദിലേക്ക് അംബാസഡറെ നിയമിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം സൗദി-ഖത്തര്‍ നയതന്ത്രബന്ധത്തിന് ഔദ്യോഗിക തുടക്കമിടുന്നതായിരുന്നു ഈ നടപടി. അതിന് രണ്ട് മാസം മുമ്പാണ് ദോഹയില്‍ സൗദി അംബാസഡറെ നിയമിച്ചത്.

2017ലാണ് ഖത്തറും അയല്‍ രാജ്യങ്ങളായ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ബന്ധം പുനരാരംഭിച്ചത്.