പഠനം മുടങ്ങാതിരിക്കാന്‍ ഖത്തറിലെ സ്‌കൂളുകള്‍ വെര്‍ച്വല്‍ ക്ലാസുകള്‍ ഒരുക്കുന്നു

virtual class rooms

ദോഹ: കൊറോണ വൈറസ് പടരുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകളും കോളജുകളും അടച്ചതോടെ പഠനം മുടങ്ങാതിരിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടി അധികൃതര്‍. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആവും വിധം വെര്‍ച്വര്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് നിരവധി സ്ഥാപനങ്ങള്‍.

ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളും സ്‌കൂളുകളും വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ദീര്‍ഘകാലം അടച്ചിടേണ്ടി വരികയാണെങ്കില്‍ വിദൂരപഠനം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

എത്രയും വേഗം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലേക്കു തിരിച്ചെത്തണമെന്നാണ് ആഗ്രഹം. എന്നാല്‍, ക്ലാസുകള്‍ ദീര്‍ഘനാളത്തേക്ക് മുടങ്ങുകയാണെങ്കില്‍ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ നുഐമി പറഞ്ഞു.

സ്‌കൂളുകളിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം അറിയിച്ചു. ചൈനയില്‍ കൊറോണ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ സ്‌കൂളുകളിലെ വാട്ടര്‍ കൂളറുകള്‍, ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കോറിഡോറുകള്‍, ടോയ്‌ലറ്റുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ സ്വീകരിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു.

കുട്ടികളുടെ ക്ലാസുകള്‍ മാത്രമാണ് ഒഴിവാക്കിയതെന്നും അധ്യാപകരും മറ്റ് ജീവനക്കാരും സ്‌കൂളില്‍ എത്തണമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഇതിന്റെ ഭാഗമായി ഫിന്‍ഗര്‍ പ്രിന്റ് ബയോമെട്രിക് അറ്റന്റന്‍സ് ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുന്നതും ഒഴിവാക്കണം.

വെര്‍ച്വല്‍ സാങ്കേതിക വിദ്യാ സഹായത്തോട ക്ലാസുകള്‍ തുടരുമെന്ന് ഖത്തര്‍ യൂനിവേഴ്‌സിറ്റി അറിയിച്ചു. വെര്‍ച്വല്‍ ക്ലാസുകള്‍ ഒരുക്കുമെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയും അറിയിച്ചു. ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഇപ്പോള്‍ നടക്കുന്ന 12ാം തരം ക്ലാസുകള്‍ മാര്‍ച്ച് 15 മുതല്‍ ഓണ്‍ലൈനില്‍ തുടരും. പത്താം തരം ക്ലാസുകള്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും. ഗ്രേഡ് ആറ് മുതല്‍ ഒമ്പതുവരെ ഏപ്രില്‍ 5 മുതലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. ഗ്രേഡ് 5 വരെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.