ഇറാഖില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍

iraq qatar fm

ബഗ്ദാദ്: തൊഴിലവസരങ്ങള്‍ നല്‍കുന്ന ഇറാഖിലെ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഖത്തര്‍. ഇക്കാര്യം ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി സ്ഥിരീകരിച്ചു. ഇറാഖ് പ്രസിഡന്റ് ഡോ. ബര്‍ഹാം സാലിഹ്, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി എന്നിവരുമായി ഇന്നലെ താന്‍ നടത്തിയ കൂടിക്കാഴ്ച ഫലപ്രദമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായും ഖത്തറും ഇറാഖും തമ്മിലുള്ള സാമ്പത്തിക സഹകരണം വീണ്ടും സജീവമാക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് മുഹമ്മദ് ഹുസൈനും കൂടിയുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചത്. ഇറാഖ് ജനതയ്ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അഭിവാദ്യങ്ങള്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

ഇറാഖുമായുള്ള നിക്ഷേപത്തിന്റെയും സാമ്പത്തിക സഹകരണത്തിന്റെയും ചക്രവാളങ്ങള്‍ വികസിപ്പിക്കാനുള്ള ആഗ്രഹം വിദേശകാര്യമന്ത്രി പ്രകടിപ്പിച്ചു. ഇത്‌വഴി പദ്ധതികള്‍ നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഇറാഖിന്റെ സ്ഥിരതയെ പിന്തുണയ്ക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പദ്ധതികള്‍ ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനകരമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പ്രാദേശിക സാഹചര്യങ്ങളെ സംബന്ധിച്ച വീക്ഷണകോണുകളില്‍ സമവായത്തിന്റെ നിലനില്‍പ്പ് ഊന്നിപ്പറഞ്ഞ ഷെയ്ഖ് മുഹമ്മദ്, ഈ മേഖലയുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതില്‍ ഇറാഖ് ഒരു പ്രധാന ഘടകമാണെന്ന് ഓര്‍മ്മിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ സജീവമാക്കുന്നതിന് പ്രവര്‍ത്തിക്കുമെന്ന് ഇറാഖ് വിദേശകാര്യമന്ത്രി പറഞ്ഞു.