Thursday, June 30, 2022
HomeNewsfeedരണ്ട് ലോക കപ്പ് സ്റ്റേഡിയങ്ങള്‍ കൂടി നവംബര്‍ 30ന് ഉദ്ഘാടനം ചെയ്യും

രണ്ട് ലോക കപ്പ് സ്റ്റേഡിയങ്ങള്‍ കൂടി നവംബര്‍ 30ന് ഉദ്ഘാടനം ചെയ്യും

ദോഹ: ഫിഫ അറബ് കപ്പിനോടനുബന്ധിച്ച്(fifa arab cup) ഖത്തറില്‍(qatar) രണ്ട് സ്‌റ്റേഡിയങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്യും. അല്‍ ബൈത്ത്(Al Bayt Stadium), റാസ് അബൂ അബൂദ്(Ras Abu Aboud Stadium) സ്‌റ്റേഡിയങ്ങളാണ് നവംബര്‍ 30ന് തുറക്കുന്നത്.

ആറ് സ്‌റ്റേഡിയങ്ങളിലായാണ് ഫിഫ അറബ് കപ്പ് നടക്കുന്നത്. ഫിഫയ്ക്ക് കീഴില്‍ നടക്കുന്ന ആദ്യ അറബ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ മേഖലയിലെ 16 രാജ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. ഫിഫ ലോക കപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ചിട്ടുള്ള ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ലോക കപ്പ് നടക്കുന്ന അതേ കാലയളവിലാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.

നവംബര്‍ 30ന് തുടങ്ങി ഡിസംബര്‍ 18 വരെയാണ് 19 ദിവസം നീളുന്ന ഫിഫ അറബ് കപ്പ്. 32 കളികളുള്ള ടൂര്‍ണമെന്റില്‍ ഒരേ ദിവസം ഒന്നിലധികം മല്‍സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമുണ്ടാവും.

ഫിഫ അറബ് കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങള്‍

1. അല്‍ ബൈത്ത് സ്റ്റേഡിയം
ശേഷി: 60,000
ഉദ്ഘാടന തിയ്യതി: 2021 നവംബര്‍ 30
നാടോടി ടെന്റുകളുടെ മാതൃകയിലുള്ള രൂപകല്‍പ്പന. ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരവും ഫൈനല്‍ മല്‍സരവും ഈ സ്റ്റേഡിയത്തിലാണ്.

2. റാസ് അബൂ അബൂദ് സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2021 നവംബര്‍ 30
ഷിപ്പിങ് കണ്ടെയ്‌നറുകളും മോഡുലാര്‍ ബ്ലോക്കുകളും ഉപയോഗിച്ച് നിര്‍മാണം. ടൂര്‍ണമെന്റിന്റെ ആദ്യ മല്‍സരങ്ങളിലൊന്ന് ഉള്‍പ്പെടെ ആറ് കളികളാണ് ഇവിടെ നടക്കുക. ഫിഫ അറബ് കപ്പിന്റെ ചരിത്രത്തിലെ പൂര്‍ണമായും ഇളക്കി മാറ്റാവുന്ന ആദ്യ സ്റ്റേഡിയമാണിത്. 2022ന് ശേഷം സ്റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കായിക കേന്ദ്രങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും

3. അല്‍ തുമാമ സ്‌റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2021 ഒക്ടോബര്‍ 22
ഈ വര്‍ഷം അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത ഈ സ്‌റ്റേഡിയത്തില്‍ ഫിഫ അറബ് കപ്പിലെ സെമിഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ നടക്കും. അറബികള്‍ ധരിക്കുന്ന ശിരോവസ്ത്രമായ ഗഫിയയുടെ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മാണം.

4. അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2020 ജൂണ്‍ 15
അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയം മാള്‍ ഓഫ് ഖത്തറിന് സമീപത്താണ്. 2020 അമീര്‍ കപ്പ് ഫൈനല്‍ വേളയിലായിരുന്നു ഉദ്ഘാടനം. ഫിഫ അറബ് കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ ഇവിടെ നടക്കും.

5. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2020 ജൂണ്‍ 15
മേഖലയിലെ പ്രധാന യൂനിവേഴ്‌സിറ്റികള്‍ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം ലോക കപ്പിന് ശേഷം വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനകരമാവും. ക്വാര്‍ട്ടര്‍ വരെയുള്ള മല്‍സരങ്ങള്‍ നടക്കും. ഈ വര്‍ഷം ആദ്യത്തില്‍ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനല്‍ ഇവിടെയാണ് നടന്നത്.

6. അല്‍ ജനൂബ് സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2020 മെയ് 16
പരമ്പരാഗത പായ്ക്കപ്പല്‍ മാതൃകയില്‍ അന്തരിച്ച സഹ ഹദീദ് രൂപകല്‍പ്പന ചെയ്തതാണ് ഈ സ്റ്റേഡിയം. അല്‍ വക്‌റയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡേയത്തില്‍ ഫിഫ അറബ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ നടക്കും.

Most Popular