അടുത്ത മൂന്ന് ആഫ്രിക്കന്‍ സുപ്പര്‍ കപ്പുകളും ഖത്തറില്‍

ദോഹ: അടുത്ത മൂന്ന് വര്‍ഷത്തെ ആഫ്രിക്കന്‍ സൂപ്പര്‍ കപ്പുകള്‍ ഖത്തറില്‍ നടത്തുന്നതിന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളും(സിഎഎഫ്) കരാറില്‍ ഒപ്പിട്ടു. ആഫ്രിക്കന്‍ ചാംപ്യന്‍സ് ലീഗിലെയും കോണ്‍ഫെഡറേഷന്‍ കപ്പിലെയും വിജയികള്‍ തമ്മിലുള്ള പോരാട്ടമാണ് വര്‍ഷം തോറും നടക്കുന്ന ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ്. 2020ലെ മല്‍സരം ഫെബ്രുവരി 14ന് ദോഹയില്‍ നടക്കും.

ഈ വര്‍ഷം ആദ്യത്തിലാണ് ഖത്തര്‍ ആദ്യമായി ആഫ്രിക്കന്‍ സൂപ്പര്‍ കപ്പിന് ആതിഥ്യമരുളിയത്. മൊറോക്കന്‍ ടീമായ രാജ കാസാബ്ലാങ്കയും തുണീസ്യന്‍ ടീമായ എസ്‌പെരന്‍സും തമ്മിലായിരുന്നു മല്‍സരം.

2020ലെ മല്‍സരത്തില്‍ ചാംപ്യന്‍സ് ലീഗില്‍ വിജയിച്ച എസ്‌പെരന്‍സും കോണ്‍ഫേഡറേഷന്‍ കപ്പില്‍ വിജയിച്ച ഈജിപ്തിലെ സെമാലെകും തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. എന്നാല്‍, ഖത്തറില്‍ മല്‍സരം നടത്തുകയാണെങ്കില്‍ തങ്ങള്‍ കളിക്കില്ലെന്ന് ഈജിപ്ഷ്യന്‍ ടീം നേരത്തെ അറിയിച്ചിരുന്നു.

പങ്കെടുക്കുന്ന ടീമുകളുടെ കാര്യത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനോ പ്രാദേശിക സംഘാടക സമിതിക്കോ യാതൊരു റോളുമില്ലെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അല്‍ അന്‍സാരി കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പറഞ്ഞു. ടീമുകള്‍ കളിക്കുമോ ഇല്ലേ എന്നത് ആഫ്രിക്കന്‍ യൂനിയന്റെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.