ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള ബജറ്റ് എയര്‍ലൈനുകളെല്ലാം നിര്‍ത്തി; സാധാരണക്കാരായ യാത്രക്കാര്‍ കുരുക്കില്‍

corona in qatar

ദോഹ: കൊറോണയെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണം ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള ബജറ്റ് എയര്‍ലൈന്‍ സര്‍വീസുകളെല്ലാം നിര്‍ത്തി. ഖത്തര്‍ എയര്‍വെയ്‌സ് മാത്രമാണ് ഇപ്പോള്‍ കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിയതോടെ സാധാരണക്കാരായ യാത്രക്കാര്‍ പ്രയാസത്തിലായിരിക്കുകയാണ്.

ഖത്തര്‍ എയര്‍വെയ്‌സിന് നിലവില്‍ കൊച്ചിയിലേക്കുള്ള നിരക്ക് 70,000 രൂപയോളമാണ്. കോഴിക്കോട്ടേക്ക് ഒമാന്‍ എയര്‍ മാത്രമാണ് കണക്ഷന്‍ സര്‍വീസ് നടത്തുന്നത്. മസ്‌ക്കത്ത് വഴിയുള്ള സര്‍വീസിന് 30,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്ക് ഒമാന്‍ എയറിനു പുറമേ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൂടി സര്‍വീസ് നടത്തുന്നുണ്ട്. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ 55,000 രൂപയാണ് കൊച്ചിയിലേക്കുള്ള നിരക്ക്. 67,000 രൂപയ്ക്ക് മുകളിലാണ് ഖത്തര്‍ എയര്‍വെയ്‌സ് ഈടാക്കുന്നത്. അതേ സമയം, വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ പ്രകാരം നിലവില്‍ ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് വിമാന സര്‍വീസ് ഇല്ല. മാര്‍ച്ച് 17ന് കണ്ണൂരിലേക്ക് കണക്ഷന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് യാത്രക്കാര്‍ വരുന്നത് വിലക്കിയതോടെയാണ് വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായത്. അതേ സമയം, മാര്‍ച്ച് 18 മുതല്‍ കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ഇന്‍ഡിഗോയുടെ ഫൈള്റ്റ് ഷെഡ്യൂളുകള്‍ കാണിക്കുന്നത്. നിലവില്‍ കാന്‍സല്‍ ചെയ്ത തിയ്യതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പ്രത്യേക ചാര്‍ജ് ഇല്ലാതെ തിയ്യതി മാറ്റുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യാവുന്നതാണ്.