ദോഹ: ഖത്തറില്‍ ടൂറിസ്റ്റ് ഗൈഡുകളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്തര്‍ ടൂറിസം പരിശീലനം നല്‍കുന്നു. നിലവില്‍ ടൂര്‍ ഗൈഡുകളായി പ്രവര്‍ത്തിക്കുന്നവര്‍ക്കും യോഗ്യരായ മറ്റ് ഖത്തര്‍ താമസക്കാര്‍ക്കുമാണ് ടൂര്‍ ഗൈഡ് ട്രെയ്‌നിങ് പ്രോഗ്രാമില്‍ അവസരം.
14 ദിവസത്തെ കോഴ്‌സില്‍ ഖത്തറിന്റെ ചരിത്രം, പരിസ്ഥിതി, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ നല്‍കും. രാജ്യത്ത് അംഗീകൃത ടൂര്‍ ഗൈഡ് ആയി മാറാന്‍ ഈ കോഴ്‌സ് പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാണ്.
രാജ്യത്തെ ടൂറിസം മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും അംഗീകൃത ലൈസന്‍സോട് കൂടിയുള്ള ടൂര്‍ ഗൈഡുകളുടെ സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ ടൂറിസം വികസിപ്പിച്ചെടുത്തതാണ് ഈ പരിശീലന പദ്ധതി.
പരിശീലന തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും. താല്‍പര്യമുള്ളവര്‍ക്കു ഖത്തര്‍ ടൂറിസം വെബ്‌സൈറ്റ് വഴിയോ ലുസൈല്‍, അല്‍ ജസ്‌റ ടവറിലുള്ള(ഫസ്റ്റ് ഫ്‌ളോര്‍, കൗണ്ടര്‍ 44) വാണിജ്യ വ്യവസായ മന്ത്രാലയം ഓഫിസ് വഴി നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷിലാണ് പരിശീലനം. പരീക്ഷാ ഫീസ് 1,200 റിയാലും ടൂര്‍ ഗൈഡ് ലൈസന്‍സ് ഫീസ് 1,000 റിയാലുമാണ്.
2022ല്‍ ഖത്തര്‍ ഫിഫ ലോക കപ്പിന് ആതിഥ്യം അരുളാനിരിക്കേ ഖത്തറിലേക്ക് ടൂറിസ്റ്റുകളുടെ വലിയ പ്രവാഹം തന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഈ സമയത്ത് രാജ്യത്ത് നിരവധി ടൂര്‍ ഗൈഡുകള്‍ ആവശ്യമായി വരും. അതുകൊണ്ട് തന്നെ അംഗീകൃത ടൂര്‍ ഗൈഡുകളെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണ് വരാനിരിക്കുന്നത്.
ALSO WATCH