ദോഹ: പെരുന്നാളിനും അവധിദിനങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി ട്രാഫിക് വിഭാഗം. പള്ളികള്‍, ഈദ് ഗാഹുകള്‍, ഷോപിങ്മാള്-സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ വാണിജ്യ വില്പന കേന്ദ്രങ്ങള്‍, അറവുകേന്ദ്രങ്ങള്‍, പൊതുപാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പട്രോളിങ് ശക്തമാക്കുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ മീഡിയ ആന്‍ഡ് ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉദൈബ അറിയിച്ചു. പെരുന്നാള്‍ നമസ്കാരത്തിനായി ജനങ്ങള്‍ ഒന്നിച്ച് പുറത്തിറങ്ങുന്നത് കണക്കാക്കി അതിരാവിലെതന്നെ ട്രാഫിക് ക്രമീകരണങ്ങള്‍ ജാഗ്രത പാലിക്കും.
പ്രധാന ഹൈവേകള്‍, ബീച്ചിലേക്കുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണമുണ്ടാവും. വാഹന യാത്രക്കാര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നും, ഇഹ്തിറാസ് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് ശരിയാണോ എന്നും പരിശേധിക്കും. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതും, മറ്റും കണ്ടെത്താനായി പ്രധാന കവലകളിലെ കാമറകളിലും നിരീക്ഷണമുണ്ടാവും. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ലഫ്റ്റനന്റ് കേണല്‍ ഉദൈബ അറിയിച്ചു.