Monday, October 25, 2021
HomeNewsfeedഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ ഖത്തര്‍ മാറ്റം വരുത്താനൊരുങ്ങുന്നതായി സൂചന

ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ ഖത്തര്‍ മാറ്റം വരുത്താനൊരുങ്ങുന്നതായി സൂചന

ദോഹ: ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ ആരോഗ്യ മന്ത്രാലയം മാറ്റം വരുത്താനൊരുങ്ങുന്നതായി സൂചന. ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഉപാധികളോട് കൂടി രണ്ട് ദിവസത്തെ ക്വാറന്റീന്‍ മതിയാവുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. നിലവില്‍ ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസവും ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും 10 ദിവസവുമാണ് ക്വാറന്റീന്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമോ എന്ന് മുതലാണ് നടപ്പാവുകയെന്നോ സംബന്ധിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ രണ്ടാം ദിവസം റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തും. ഇമ്യൂണിറ്റി പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് പിസിആര്‍ ടെസ്റ്റ് നടത്തുകയും അതില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കുകയും ചെയ്യാമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

അതേസമയം, തുടര്‍ന്നും നാട്ടില്‍ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യണം. രണ്ട് ദിവസം കഴിഞ്ഞ് ക്വാറന്റീന്‍ അവസാനിക്കുകയാണെങ്കില്‍ ബാക്കി തുക മടക്കി നല്‍കും.

ഈ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാല്‍ യാത്രക്കാര്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ വരുന്ന പ്രഖ്യാപനം ശ്രദ്ധിക്കേണ്ടതാണ്.

Most Popular