Friday, December 2, 2022
HomeNewsInternationalഖത്തറും തുര്‍ക്കിയും ചേര്‍ന്ന് അഫ്ഗാനിലെ അഞ്ച് വിമാനത്താവളങ്ങള്‍ നിയന്ത്രിക്കും

ഖത്തറും തുര്‍ക്കിയും ചേര്‍ന്ന് അഫ്ഗാനിലെ അഞ്ച് വിമാനത്താവളങ്ങള്‍ നിയന്ത്രിക്കും

ദോഹ: അഫ്ഗാനിലെ 5 വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നതിന് ഖത്തറും തുര്‍ക്കിയും തമ്മില്‍ ധാരണയിലെത്തിയതായി റിപോര്‍ട്ട്. തുര്‍ക്കി വിദേശ മന്ത്രി മെവ്‌ലുത് ജാവുസോഗ്ലു ആണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ അന്തിമ ധാരണയിലെത്തുന്നതിന് ഖത്തര്‍, തുര്‍ക്കി പ്രതിനിധികള്‍ ബുധനാഴ്ച്ച കാബൂളിലെത്തി.

കാബൂളിലെ ഹാമിദ് കര്‍സായി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് ഖത്തറും തുര്‍ക്കിയും ഏറ്റെടുക്കാനൊരുങ്ങുന്നത്.

ആഗസ്ത് 31ന് വിദേശ സേനയുടെ പിന്മാറ്റത്തിന് ശേഷം കാബൂള്‍ വിമാനത്താവളത്തിലെ കേട്പാടുകള്‍ പരിഹരിക്കുന്നതിന് ഖത്തറും തുര്‍ക്കിയും സാങ്കേതിക സംഘത്തെ അയച്ചിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഈ സംഘം വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാക്കിയിരുന്നു. അതിന് പിന്നാലെ ഖത്തര്‍ എയര്‍വേസ് നിരവധി തവണയാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തിയത്.

കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് നേരത്തേ യുഎഇ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മേഖലയില്‍ സ്വാധീനം ചെലുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെന്നാണ് അറിയുന്നത്.

Most Popular