Wednesday, January 19, 2022
HomeNewsInternationalഅഫ്ഗാനിസ്താന് സഹായം: ഖത്തറും തുര്‍ക്കിയും താലിബാനുമായി ചര്‍ച്ച നടത്തി

അഫ്ഗാനിസ്താന് സഹായം: ഖത്തറും തുര്‍ക്കിയും താലിബാനുമായി ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍, തുര്‍ക്കി പ്രതിനിധികള്‍ താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാരുമായി ദോഹയില്‍ ചര്‍ച്ച നടത്തി. അഫ്ഗാനിസ്താനുള്ള മാനുഷിക സഹായം, അഫ്ഗാനിസ്താനിലെ മനുഷ്യാവകാശം എന്നിവയാണ് പ്രധാനമായും ചര്‍ച്ചയായത്.

ശനിയാഴ്ച്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച്ച നടത്തി. ഭീകരതാ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശങ്ങളുടെ പ്രോല്‍സാഹനം, മാനുഷിക സഹായം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയായത്.

വെള്ളിയാഴ്ച്ച ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ ഭീകരതാവിരുദ്ധ പ്രതിനിധി ഡോ. മുല്‍തഖ് അല്‍ ഖഹ്താനിയുമായും താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. തണുപ്പ് കാലം വരുന്ന സാഹചര്യത്തില്‍ അഫ്ഗാന് അടിയന്തരമായി മാനുഷിക സഹായം നല്‍കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

അതേ സമയം, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ മുസ്തഫ ഗോക്‌സുവിന്റെ വസതിയില്‍ അഫ്ഗാന്‍ പ്രതിനിധികള്‍ക്ക് അത്താഴ വിരുന്നൊരുക്കി.

അഫ്ഗാന്‍ വിദ്യാഭ്യാസ, ആരോഗ്യ, ധന, സുരക്ഷാ മന്ത്രാലയങ്ങളിലെ പ്രതിനിധികളും സംഘത്തിലുണ്ട്. ദോഹയില്‍ ഇവര്‍ യുഎസ്, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അഫ്ഗാന് വേണ്ടിയുള്ള പ്രത്യേക പ്രതിനിധി ടോം വെസ്റ്റിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

യുഎസ്, അഫ്ഗാന്‍ പൗരന്മാരുടെ സുരക്ഷിത യാത്ര, മാനുഷിക സഹായം, അഫ്ഗാന്റെ സാമ്പത്തിക സാഹചര്യം, ഭീകരതാ വിരുദ്ധ നീക്കം തുടങ്ങിയ കാര്യങ്ങള്‍ രണ്ടാഴ്ച്ച നീളുന്ന ചര്‍ച്ചയില്‍ വിഷയമാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

Most Popular