Sunday, January 23, 2022
HomeNewsfeedലോക കപ്പിന് ഖത്തര്‍ ആകാശത്ത് കോട്ട കെട്ടാന്‍ ഫ്രാന്‍സ്; സംയുക്ത സുരക്ഷയ്ക്ക് യുകെ, തുര്‍ക്കിയില്‍ നിന്ന്...

ലോക കപ്പിന് ഖത്തര്‍ ആകാശത്ത് കോട്ട കെട്ടാന്‍ ഫ്രാന്‍സ്; സംയുക്ത സുരക്ഷയ്ക്ക് യുകെ, തുര്‍ക്കിയില്‍ നിന്ന് 3,000 റയട്ട് പോലിസ്

ദോഹ: 2022 ഫിഫ ലോക കപ്പിന് പഴുതുകളടച്ച സുരക്ഷയൊരുക്കാന്‍ ഖത്തര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച തുടരുന്നു. ഖത്തറിന്റെ വ്യോമ പരിധി സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതായി ഫ്രാന്‍സ് പ്രഖ്യാപിച്ചു. സംയുക്ത സുരക്ഷയ്ക്ക് യുകെ പ്രതിരോധ വകുപ്പുമായി ചര്‍ച്ച നടക്കുന്നതായി ബ്രിട്ടീഷ് എംബസി വക്താവ് അറിയിച്ചു.

2022 ലോക കപ്പിനുള്ള ഖത്തര്‍ പ്രതിരോധ മന്ത്രാലയം എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബ്രിട്ടീഷ് സായുധ സേനാ മന്ത്രി ജെയിംസ് ഹീപ്പേയുമായി ഇക്കാര്യത്തില്‍ ദോഹയില്‍ പല തവണ ചര്‍ച്ച നടന്നു. ഖത്തര്‍ ലോക കപ്പ് സുരക്ഷിതമാക്കുന്നതില്‍ ബ്രിട്ടന്റെ റോളാണ് ചര്‍ച്ച ചെയ്തത്.

ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സും ഖത്തര്‍ അമീരി എയര്‍ ഫോഴ്‌സും സംയുക്തമായി നേരത്തേ 12 സ്‌ക്വാഡ്രണ്‍ രൂപീകരിച്ചിരുന്നു. ലോക കപ്പിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള്ള വതന്‍ പരിശീലനത്തിലും യുകെ ഭാഗമായിരുന്നു.

ഖത്തറും ഫ്രാന്‍സും ഈയിടെ തയ്യാറാക്കിയ ധാരണ പ്രകാരം ലോക കപ്പിനായി സൈനികരെയും പ്രതിരോധ ഉപകരണങ്ങളും നല്‍കും. ഡ്രോണുകളെ പ്രതിരോധിക്കുന്നതിനുള്ള ബസ്സാല്‍ ആന്റി ഡ്രോണ്‍ സംവിധാനമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

എയര്‍ഫോഴ്‌സിന്റെ ഇ-3എഫ് എയര്‍ബോണ്‍ വാണിങ് ആന്റ കണ്‍ട്രോള്‍ സിസ്റ്റവും ഫ്രാന്‍സ് ഖത്തറിലേക്ക് അയക്കും. ആകാശത്തിലൂടെ വരുന്ന ഏത് തരം ഭീഷണികളെയും കണ്ടെത്താന്‍ സാധിക്കുന്നതാണ് ഈ സംവിധാനം.

അതേസമയം, ഖത്തറില്‍ നടക്കുന്ന ലോക കപ്പിന് റയട്ട് പോലിസ് യൂനിറ്റിലെ 3,000 അംഗങ്ങളെ അയക്കുമെന്ന് തുര്‍ക്കി അറിയിച്ചു. സുരക്ഷാ നിയന്ത്രണത്തിന് നിരവധി തുര്‍ക്കി ഓഫിസര്‍മാരും ഖത്തറിലെത്തും. 40 സുരക്ഷാ ഉപദേഷ്ടാക്കളും തിരച്ചില്‍ നായ്ക്കളും ഇതില്‍ ഉള്‍പ്പെടും.

 

Most Popular