Thursday, December 2, 2021
HomeNewsfeedആശയക്കുഴപ്പം അവസാനിച്ചു; ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം

ആശയക്കുഴപ്പം അവസാനിച്ചു; ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാനയം പുതുക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ്. ഇതു പ്രകാരം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്‌സ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വാക്‌സിനെടുത്താലും ക്വാറന്റീനില്‍ കഴിയണം.

ഖത്തറില്‍ നിന്ന് വാക്‌സിനെടുക്കുകയോ 12 മാസത്തിനുള്ളില്‍ കോവിഡ് വന്ന് ഭേദമാവുകയോ ചെയ്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ഖത്തറിലെത്തിയാല്‍ രണ്ടാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന ബാക്കി മുഴുവന്‍ യാത്രക്കാരും 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധന പുതുക്കിയ വാര്‍ത്ത ഗള്‍ഫ് മലയാളിയാണ് ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ഉച്ചയോടെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഖത്തറിലേക്കുള്ള യാത്രാ നിബന്ധന സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നതായുള്ള ഖത്തര്‍ എയര്‍വേസിന്റെ ട്വീറ്റ് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇത് ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിബന്ധന പുതുക്കിയിട്ടില്ലെന്നതിന്റെ തെളിവായി പലരും പ്രചരിപ്പിച്ചു. എന്നാല്‍, ആരോഗ്യ മന്ത്രാലയം തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആഗസ്ത് 2 മുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന കാര്യം ഉറപ്പാക്കിയിരിക്കുകയാണ്.

യാത്രാ നിബന്ധനകള്‍ പുതുക്കി ഇന്‍ഡിഗോ
ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്ക് വാക്‌സിനെടുത്താലും ക്വാറന്റീന്‍ വേണമെന്ന് വ്യക്തമാക്കി ഇന്‍ഡിഗോ വിമാന കമ്പനി. ഖത്തറില്‍ നിന്ന് വാക്‌സിനെടുക്കുകയോ 12 മാസത്തിനുള്ളില്‍ കോവിഡ് വന്ന് ഭേദമാവുകയോ ചെയ്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന് ഇന്‍ഡിഗോ വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. ഖത്തറിലെത്തിയാല്‍ രണ്ടാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാക്കും. ഇത്തരം യാത്രക്കാരുടെ കൈയില്‍ ചുരുങ്ങിയത് രണ്ട് ദിവസത്തെ ക്വാറന്റീന്‍ ഹോട്ടല്‍ ബുക്കിങിനുള്ള രേഖ ആവശ്യമാണെന്നും അറിയിപ്പില്‍ പറയുന്നു. ഡിസ്‌കവര്‍ ഖത്തര്‍ വഴിയാണ് ക്വാറന്റീന്‍ ബുക്കിങ് നടത്തേണ്ടത്.

ഖത്തറിന് പുറത്ത് നിന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് വാക്‌സിനെടുത്തവരാണെങ്കില്‍ 10 ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍. 10 ദിവസത്തെ ഹോട്ടല്‍ ബുക്കിങിനുള്ള രേഖ കൈയില്‍ കരുതണം. വാക്‌സിനെടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തതോ വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവരോ ആയ യാത്രക്കാരും കൂടെ വരുന്ന കുട്ടികളും 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

17 വയസ്സ് വരെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികളെ രക്ഷിതാക്കള്‍ രണ്ടുപേരും വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കും. ഇവര്‍ 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.

ഗര്‍ഭിണികള്‍, രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള മുലയൂട്ടുന്ന അമ്മമാര്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തിന്റെ ക്ലാസിഫിക്കേഷന് അനുസരിച്ച് ഹോം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

മുഴുവന്‍ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

സന്ദര്‍ശക വിസയില്‍ വരുന്നവര്‍
പൂര്‍ണമായും വാക്‌സിനെടുത്ത 12 വയസ്സും അതിന് മുകളിലും പ്രായമുള്ള യാത്രക്കാര്‍ ഖത്തറിലേക്ക് വരുമ്പോള്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും 12 വയസ്സിന് മുകളിലുള്ള വാക്‌സിനെടുക്കാത്തവര്‍ക്കും സന്ദര്‍ശക വിസയില്‍ യാത്ര അനുവദിക്കില്ല.
ALSO WATCH

Most Popular