ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ആതിഥ്യമരുളാന്‍ അവസരം തേടി ഖത്തറും. വേദി തിരഞ്ഞെടുക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ രാജ്യം അപേക്ഷ നല്‍കിയതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍ അന്‍സാരി അറിയിച്ചു.
ഖത്തറിനെ കൂടാതെ ഇന്ത്യ, ഇറാന്, സൗദി അറേബ്യ, ഉസ്ബക്കിസ്താന് എന്നിവയാണ് രംഗത്തുള്ള മറ്റു രാജ്യങ്ങള്‍. ലേല നടപടികളിലേക്കുള്ള വിശദമായ ഫയല്‍ അധികം താമസിയാതെ സമര്‍പ്പിക്കുമെന്നും ക്യുഎഫ്എ വ്യക്തമാക്കി. 2021ല്‍ ആണ് 19ാമത് ഏഷ്യന്കപ്പിനുള്ള ആതിഥേയ രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നിലവിലെ ഏഷ്യന്‍ കപ്പ് ജേതാക്കളാണ് ഖത്തര്‍. 1988, 2011 വര്‍ഷങ്ങളില്‍ ഏഷ്യന്‍ കപ്പിന്റെ വേദി ഖത്തര്‍ ആയിരുന്നു.