ദോഹ: ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര വനിതാ ട്വിന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഖത്തര്‍ ടീമിന് ആദ്യ ജയം. വെള്ളിയാഴ്ച്ച കുവൈത്തിനെതിരേ നടന്ന മല്‍സരത്തില്‍ ഒരു വിക്കറ്റിനാണ് ഖത്തര്‍ വിജയിച്ചത്.
ഖത്തറിനെതിരായ മല്‍സരത്തില്‍ ആദ്യം ബാറ്റിങിനിറങ്ങിയ കുവൈത്ത് 115 റണ്‍സാണ് എടുത്തത്. 19.5 ഓവറില്‍ ഒരു വിക്കറ്റ് ബാക്കി നില്‍ക്കേ ആയിഷയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഖത്തര്‍ വിജയ ലക്ഷ്യമായ 116 റണ്‍സ് നേടി. അതേ ദിവസംതന്നെ ഒമാനെതിരേ നടന്ന മല്‍സരത്തില്‍ 3 റണ്‍സിന് ഖത്തര്‍ തോറ്റു. ഒമാന്‍ 20 ഓവറില്‍ 3 വിക്കറ്റിന് 114 റണ്‍സ് നേടിയപ്പോള്‍ ഖത്തറിന്റെ ഇന്നിങ്‌സ് 111 റണ്‍സില്‍ അവസാനിച്ചു. ഒരേ ദിവസം രണ്ട് ട്വന്റി20 അന്താരാഷ്ട്ര മല്‍സരം കളിക്കുന്ന ടീമെന്ന റെക്കോഡും ഈ ടൂര്‍ണമെന്റിലൂടെ ഖത്തര്‍ സ്വന്തമാക്കി.
ജനുവരി 16 മുതല്‍ 22വരെ നടക്കുന്ന ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഖത്തറിന് പുറമേ ചൈന, കുവൈത്ത് എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.