ദോഹ: മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാന് ആണവ കരാര്‍ പുനസ്ഥാപിക്കാനുള്ള നീക്കവുമായി ഖത്തര്‍. ഖത്തര്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഈയാഴ്ച ആദ്യം ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആല്‍ഥാനിയും ഇറാനു വേണ്ടിയുള്ള യുഎസ് പ്രത്യേക പ്രതിനിധി റോബര് മാലി, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന് എന്നിവരും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇറാന് ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള വഴികള്‍ ജോ ബൈഡന് ഭരണകൂടം തേടുന്നുണ്ട്. ഇറാന് ആണവ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുകയും പകരം ഉപരോധത്തില്‍ ഇളവ് നല്‍കുകയും ചെയ്യുന്നതാണ് കരാര്‍. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2018ല്‍ അപ്രതീക്ഷിതമായി കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.
രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ഖത്തറെന്ന് ആല്‍ഥാനി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥം വഹിക്കുന്നതിന് സഹായിക്കുമെന്ന് ഈയാഴ്ച്ച നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മെക്കന്‍സി പറഞ്ഞു.