ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി(Qatar amir) ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വീറ്റുകള്‍ റിപോര്‍ട്ട്(reporting tweets) ചെയ്തതായി അറിയിച്ച് കൊണ്ട് ഖത്തറിലെ നിരവധി ട്വിറ്റര്‍ യൂസര്‍മാര്‍ക്ക് സന്ദേശം. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയുമാണ് നിരവധി പേര്‍ക്ക് സംശയകരമായ നോട്ടിഫിക്കേഷന്‍ എത്തിയത്.
നമുക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും ട്വീറ്റുകള്‍ കണ്ടാല്‍ അത് ട്വിറ്ററിനെ അറിയിക്കാനുള്ള സംവിധാനമാണ് റിപോര്‍ട്ടിങ്. ഇങ്ങിനെ റിപോര്‍ട്ടിങ് നടത്തിയാല്‍ അത് സ്ഥിരീകരിച്ച് കൊണ്ട് ട്വിറ്ററില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കും.
എന്നാല്‍, തങ്ങള്‍ റിപോര്‍ട്ട് ചെയ്യാത്ത ട്വീറ്റുകള്‍ക്കുള്ള നോട്ടിഫിക്കേഷനാണ് ട്വിറ്ററില്‍ നിന്ന് അറബിയിലും ഇംഗ്ലീഷിലുമായി ലഭിക്കുന്നതെന്ന് നിരവധി യൂസര്‍മാര്‍ ദോഹ ന്യൂസിനോട് പറഞ്ഞു. ”ട്വിറ്ററില്‍ എല്ലാവരുടെയും അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ സഹായത്തിന് നന്ദി. കഴിഞ്ഞ മണിക്കൂറിലെ നിങ്ങളുടെ [റിപോര്‍ട്ട് ചെയ്ത ട്വീറ്റുകളുടെ എണ്ണം] റിപോര്‍ട്ടുകള്‍ ട്വിറ്ററിനെ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാന്‍ സഹായിക്കും”- എന്ന സന്ദേശമാണ് പലര്‍ക്കും ലഭിച്ചത്.
എന്നാല്‍, സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായ വാക്കുകളും ചില തെറ്റുകളും ഉള്‍പ്പെടെ കടന്നു കൂടിയിട്ടുള്ളതിനാല്‍ ഇതിന് പിന്നില്‍ വലിയ കളി നടക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്.
യുഎഇയില്‍ നിന്നുള്ള ഒരു അക്കൗണ്ട് ഖത്തരി അക്കൗണ്ടുകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി 26,000 ഫോളോവേഴ്‌സ് ഉള്ള ഒരു ട്വിറ്റര്‍ യൂസര്‍ ദോഹ ന്യൂസിനോട് പറഞ്ഞു.
Lord Azmi’ എന്നാണ് യുഎഇയിലെ ഈ ട്വിറ്റര്‍ യൂസറുടെ പേര്. ഖത്തറിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അസ്മി ബിഷാറയെ കളിയാക്കുന്നതാണ് ഈ പേര്. ഖത്തരി അക്കൗണ്ടുകള്‍ക്കെതിരായ തന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതായി കാണിച്ച് ഇയാള്‍ ഇടയ്ക്കിടെ ട്വീറ്റ് ചെയ്യാറുണ്ട്. #To_The_Enemy_Of_The_Land എന്ന ഹാഷ് ടാഗിലാണ് ട്വീറ്റുകള്‍ വരുന്നത്.
ഖത്തരി യൂസര്‍മാര്‍ അമീറിന്റെ ട്വീറ്റുകള്‍ റിപോര്‍ട്ട് ചെയ്തതായി കാണിക്കുന്ന ചില സ്‌ക്രീന്‍ ഷോട്ടുകള്‍ ഇയാള്‍ ഈയിടെ പങ്കുവച്ചിരുന്നു. ഖത്തരികള്‍ക്കിടയില്‍ അമീറിനെതിരേ വിയോജിപ്പുണ്ടെന്ന് ധ്വനിപ്പിക്കുകയായിരുന്നു ലക്ഷ്യം.
വിഷയത്തില്‍ ഖത്തര്‍ വാര്‍ത്താവിനിമയ മന്ത്രാലയം ഇടപെടണമെന്നും ട്വിറ്ററുമായി നേരിട്ട് ബന്ധപ്പെട്ട് ഇതിന് പരിഹാരം കാണണമെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ചാര സോഫ്റ്റവെയറായ പെഗാസസിന് ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ഖത്തറിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഇല്‍ഹാം ബദര്‍ പ്രതികരിച്ചു.
ALSO WATCH