ദോഹ: ഇസ്രായേല്‍ സ്‌പൈവെയറായ പെഗാസസിന്റെ ആക്രമണത്തിനിരയായവരില്‍ ഖത്തറിലെ പ്രമുഖ വ്യവസായി നാസര്‍ അല്‍ ഖലൈഫിയും ഉള്‍പ്പെടുന്നതായി റിപോര്‍ട്ട്. പാരിസ് സെന്റ് ജര്‍മന്‍ ക്ലബ്ബിന്റെ ചെയര്‍മാനും ബിഇന്‍ മീഡിയ ഗ്രൂപ്പ് സ്ഥാപകനുമായ അല്‍ ഖലൈഫി 2018ലാണ് സൈബര്‍ ആക്രമണത്തിന് ഇരയായതെന്ന് ലെ മോന്ത് റിപോര്‍ട്ട് ചെയ്തു.
2018 അവസാനം വിദേശ ഏജന്റുമാര്‍ പെഗാസസ് ഉപയോഗിച്ച് രണ്ട് ഫോണ്‍ നമ്പറുകളും പാരിസ് ക്ലബ്ബിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റിബ്‌സ് ഉപയോഗിച്ചിരുന്ന ലാന്റ് ഫോണ്‍ നമ്പറും ചോര്‍ത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.
2016 ജൂണ്‍ മുതല്‍ 2021 വരെ ലോകത്തെ 20ഓളം രാജ്യങ്ങളില്‍ 180ഓളം മാധ്യമപ്രവര്‍ത്തകര്‍ പെഗാസസിന്റെ ഇരകളായതായി അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. ഗാര്‍ഡിയന്‍, ലെ മോന്ത്, വാഷിങ്ടണ്‍ പോസ്റ്റ് എന്നിവ ഉള്‍പ്പെട്ട മീഡിയ കണ്‍സോര്‍ഷ്യമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒയുടെതാണ് പെഗാസസ്. വിവിധ സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍എസ്ഒ സേവനം നല്‍കുന്നുണ്ട്. പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്ന് കരുതുന്ന 50,000 ഫോണ്‍ നമ്പറുകളാണ് അന്വേഷണ വിധേയമാക്കിയത്.
സൈബര്‍ ആക്രമണങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാര്‍ത്ഥ്യമായി മാറിയെന്ന് ബിഇന്‍ വക്താവ് പ്രതികരിച്ചു. ഹാക്കിങും തങ്ങളുടെ വ്യാപാരത്തിനും ജീവനക്കാര്‍ക്കുമെതിരായ ഭീഷണികളും പതിവായി മാറിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. ബിഇന്‍ സ്‌പോര്‍ട്‌സിനെയും അതിന്റെ ജീവനക്കാരെയും വര്‍ഷങ്ങളായി ചിലര്‍ ലക്ഷ്യമിടുന്നുണ്ട്. പൈറസിക്കെതിരേ പൊരുതുന്നതിനും നിയമവാഴ്ച്ച നടപ്പാക്കുന്നതിനും നിയമവിദഗ്ധരുമായും അന്താരാഷ്ട്ര സംഘടനകളുമായും കൈകോര്‍ക്കുമെന്നും ബിഇന്‍ അറിയിച്ചു.
അതേ സമയം, തങ്ങള്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ സ്ഥാപനങ്ങളോ സര്‍ക്കാരോ ഏതാണെന്ന് വ്യക്തമാക്കാന്‍ ബിഇന്‍ തയ്യാറായില്ല. അയല്‍ രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം മൂര്‍ഛിച്ച് നില്‍ക്കുന്ന വേളയിലാണ് ഈ ഹാക്കിങ് നടന്നതെന്നത് ശ്രദ്ധേയമാണ്.