ഖത്തറിന്റെ ആദ്യത്തെ സ്വയം ഡ്രൈവിംഗ് ഡെലിവറി വാഹനം പരീക്ഷണ ഓട്ടത്തിന് ഒരുങ്ങുന്നു

Self-driving delivery vehicle in Qatar

ദോഹ: എയര്‍ലിഫ്റ്റ് സിസ്റ്റംസ് ഖത്തറിന്റെ ആദ്യത്തെ 5 ജി പവര്‍ സ്മാര്‍ട്ട് ഡെലിവറി ട്രാന്‍സ്പോര്‍ട് അവതരിപ്പിക്കുന്നു. മെനയുടെ സ്വയം ഡ്രൈവിംഗ് ഡെലിവറി വാഹനത്തിന്റെ ആദ്യ പരീക്ഷണ ഓട്ടം എഡ്യൂക്കേഷന്‍ സിറ്റിയില്‍ വെച്ച് നടത്തുന്നു.

പരീക്ഷണ ഓട്ടത്തില്‍ എജുക്കേഷന്‍ സിറ്റിയിലെ നിവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും തലാബത്തില്‍ ഓര്‍ഡറുകള്‍ നല്‍കാനും അവരുടെ ഡെലിവറികള്‍ ലഭിക്കുന്നതിന് ഓണ്‍ലൈനായി പണമടയ്ക്കാനും കഴിയും. ഭക്ഷണം സുരക്ഷിതമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് ക്യുആര്‍ കോഡുകള്‍ നല്‍കിയിട്ടുണ്ട്, അത് വാഹനത്തിന്റെ കമ്പാര്‍ട്ട്‌മെന്റ് അണ്‍ലോക്കുചെയ്യാനും അവരുടെ പാക്കേജ് എടുക്കാനും സഹായിക്കും. ഈ മൂന്നുമാസത്തെ പരീക്ഷണ ഓട്ടത്തില്‍ വാഹനത്തിന്റെ പ്രവര്‍ത്തനശേഷി മനുഷ്യന്റെ പ്രകടനവുമായി താരതമ്യപഠനം നടത്തുകയാണ് ലക്ഷ്യം. അതോടൊപ്പം ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ശേഖരിക്കുന്നതാണ്. അതേസമയം മനുഷ്യന്റെ നടത്ത വേഗതയ്ക്ക് തുല്യമായ മണിക്കൂറില്‍ 6 കിലോമീറ്റര്‍ വേഗതയില്‍ ഇത് ഓടിക്കാന്‍ സാധിക്കും. നടപ്പാതകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനോടൊപ്പം ക്രോസിംഗുകള്‍ക്ക് റോഡ് ഉപയോഗിക്കുന്നതാണ്.

വോഡഫോണിന്റെ 5 ജി നെറ്റ്വര്‍ക്ക് നല്‍കുന്ന തത്സമയ കുറഞ്ഞ ലേറ്റന്‍സി ഫീഡ്ബാക്ക് സംവിധാനമാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ എജുക്കേഷന്‍ സിറ്റിയിലെ ഒരു നിയന്ത്രണ മുറിയില്‍ നിന്ന് വിദൂരനിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ വാഹനം നിയന്ത്രിക്കാനും ആവശ്യമുള്ളപ്പോള്‍ വാഹനം നിര്‍ത്താനും ഇതിലൂടെ സാധിക്കുന്നതാണ്. മുള്‍താക്ക (എജൂക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്റര്‍) മുതല്‍ ഡെലിവറി ട്രിപ്പുകള്‍ ആരംഭിക്കുന്ന ഈ വാഹനം സൗത്ത് നെസ്റ്റ് (മെയില്‍ സ്റ്റുഡന്റ് ഹൗസിംഗ്), നോര്‍ത്ത് നെസ്റ്റ് (പെണ്‍ സ്റ്റുഡന്റ് ഹൗസിംഗ്), ക്യാമ്പസ് – എഡ്യൂക്കേഷന്‍ സിറ്റി ഗസ്റ്റ് റെസിഡന്‍സ് എന്നിവടങ്ങളിലും സേവനം ലഭ്യമാകും.

വൈവിധ്യമാര്‍ന്നതും മത്സരപരവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നവീകരണത്തിന്റെ നിര്‍ണായക പങ്ക് വോഡഫോണ്‍ ഖത്തര്‍ മനസിലാക്കുന്നുവെന്നും അതിനാലാണ് എയര്‍ലിഫ്റ്റ് പോലുള്ള നൂതന ഖത്തറി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഖത്തറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡീഗോ കാംബെറോസ് പറഞ്ഞു. നമുടെ ഭാവിയെ രൂപപ്പെടുത്തുന്ന മൊബിലിറ്റിയുടെയും മറ്റ് മേഖലകളുടെയും ഡിജിറ്റല്‍ പരിവര്‍ത്തനം 5 ജി എങ്ങനെ പ്രാപ്തമാക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എയര്‍ലിഫ്റ്റ് പ്രോജക്റ്റ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ പുതിയ സ്വയം ഡ്രൈവിങ്ങ് ഡെലിവറി ട്രാന്‍സ്‌പോര്‍ടിനായി തലബത്ത് ഖത്തറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണെന്ന് എയര്‍ലിഫ്റ്റ് സിസ്റ്റംസ് സിഇഒ അഹമ്മദ് മുഹമ്മദലി പറഞ്ഞു. കൂടാതെ ഈ പരീക്ഷണ ഓട്ടത്തം പ്രാപ്തമാക്കുന്നതിന് വോഡഫോണ്‍, ക്യുഎഫ് ആര്‍ഡിഐ ഓഫീസ് എന്നിവയുടെ പിന്തുണയ്ക്കുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. അതോടൊപ്പം തുടക്കം മുതല്‍ എയര്‍ലിഫ്റ്റിന് നല്‍കിയ ഖത്തര്‍ സയന്‍സ് & ടെക്‌നോളജി പാര്‍ക്കിന്റെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.