Monday, May 16, 2022
HomeGulfQatarഖത്തറില്‍ സ്‌കൂള്‍ തുറക്കല്‍: അന്തിമ തീരുമാനമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

ഖത്തറില്‍ സ്‌കൂള്‍ തുറക്കല്‍: അന്തിമ തീരുമാനമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

ദോഹ: സപ്തംബര്‍ മുതല്‍ മൂന്ന് ഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണദോഷങ്ങള്‍ വിലിയിരുത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. സ്പ്തംബര്‍ ഒന്നോട് കൂടി ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവുമെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.

കുട്ടികള്‍ സ്‌കൂളിലേക്ക് വരുമ്പോഴുള്ള അപകട സാധ്യതകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി വരികയാണ്. ക്ലാസ് മുറികളില്‍ നിന്ന് നേരിട്ട് ക്ലാസെടുക്കുന്നത് നീട്ടിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. നേരിട്ടുള്ള ക്ലാസുകള്‍ ഇടവിട്ടുള്ള ആഴ്ച്ചകളിലാക്കുക, മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് മാത്രമായി ക്ലാസ് പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം എങ്ങിനെ തടയാമെന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം ലഭ്യമാവുന്നതും സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തിലുള്ള പ്രതിബന്ധതയും സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായകമാവും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 10 മുതലാണ് ഖത്തറില്‍ സ്‌കൂളുകള്‍ അടച്ചത്. സപ്തംബര്‍ 1 മുതല്‍ മൂന്ന് ഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് ജൂലൈ അവസാനത്തിലാണ് ഖത്തര്‍ പ്രഖ്യാപിച്ചത്.

Qatar’s return-to-school plan not final; clear decision by September 1: Health official

Most Popular