Thursday, December 2, 2021
HomeEntertainmentഎം എഫ് ഹുസൈന്റെ ജീവിതം പറയുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ ഡോക്യുമെന്ററി നാളെ പുറത്തിറങ്ങും

എം എഫ് ഹുസൈന്റെ ജീവിതം പറയുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ ഡോക്യുമെന്ററി നാളെ പുറത്തിറങ്ങും

ദോഹ: ലോക പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസയ്ന്‍ മരിക്കുന്നതിന് തൊട്ടുമുമ്പായി ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ സീറൂ ഫില്‍ അര്‍ദിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും ദൗത്യവും പറയുന്ന ഡോക്യുമെന്ററി പുറത്തിറക്കുന്നു. ഖത്തര്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി ഹുസൈന്‍ വിടവാങ്ങി 10 വര്‍ഷം പൂര്‍ത്തിയാവുന്ന ജൂണ്‍ 9 രാത്രി 9 മണിക്ക് പുറത്തിറക്കും.

അറബ് മേഖലയുടെ ചരിത്രത്തിലൂടെ മനുഷ്യ നാഗരികതയുടെ പുരോഗതിയെക്കുറിച്ചാണ് ഹുസയ്ന്റെ പുതിയ കലാസൃഷ്ടി വിവരിക്കുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പും പിമ്പും അറബ് മേഖലയിലുണ്ടായ കണ്ടുപിടിത്തങ്ങളും മാറ്റങ്ങളും പരീക്ഷണങ്ങളുമൊക്കെ സീറൂ ഫില്‍ അര്‍ദ് വിവരിക്കുന്നു. അബ്ബാസ് ഇബ്നു ഫര്‍നാസിന്റെയും ലിയോനാര്‍ഡോ ഡാവിഞ്ചിയുടെയും സൃഷ്ടികള്‍ താരതമ്യം ചെയ്ത്് ഇത് വിവരിക്കുന്നു. ഹുസയ്ന്റെ കലാസൃഷ്ടിയുടെ പശ്ചാത്തലത്തില്‍ ഉള്ളത് കുതിരകളാണ്. ഹുസയ്ന്റെ മൃഗങ്ങളോടുള്ള ഇഷ്ടവും ഖത്തറിന്റെ കുതിര പൈതൃകവും ഇത് പ്രതിഫലിപ്പിക്കുന്നു.

2009ല്‍ കമ്മീഷന്‍ ചെയ്ത സീറൂ ഫില്‍ അര്‍ദിന്റെ ഒരു ഭാഗം മാത്രമേ 2011ല്‍ മരിക്കുന്നതിനു മുമ്പ് ഹുസയ്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നുള്ളു. തുടര്‍ന്ന് ഖത്തര്‍ ഫൗണ്ടേഷനാണ് ഇത് പൂര്‍ത്തിയാക്കുന്നത്. ഹുസയ്ന്റെ മനസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സൃഷ്ടി പൂര്‍ത്തിയാക്കിയത്. ഇന്‍സ്റ്റലേഷന്‍ എജുക്കേഷന്‍ സിറ്റിക്കകത്തെ അല്‍ ശഖാബ് ഇക്വസ്ട്രിയന്‍ സെന്ററിനു സമീപത്തുള്ള കെട്ടിടത്തിലാണ് സ്ഥ്ാപിച്ചിട്ടുള്ളത്.

ലോകത്തെ വിവിധ ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡോക്യുമെന്ററി നിരവധി അവാര്‍ഡുകള്‍ നേടിയിരുന്നു. ഹുസൈന്റെ മരുമകള്‍ നജ്മ ഹുസൈന്‍, ഖത്തരി കലാകാരന്‍ യുസുഫ് അഹമദ്, ദോഹയിലെ ഇന്ത്യന്‍ കലാകാരി സുജാത വര്‍മ തുടങ്ങിയവര്‍ ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

1984ല്‍ ഷെറാട്ടണ്‍ ഹോട്ടലിലാണ് ഖത്തറില്‍ ആദ്യമായി ഹുസയ്ന്റെ എക്സിബിഷന്‍ നടന്നത്. 10 വര്‍ഷം മുമ്പ് ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിലാണ് പിന്നീട് ഹുസയ്ന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അതിന് പിന്നാലെയാണ് അദ്ദേഹം ഖത്തറില്‍ അഭയം തേടുകയും ഖത്തര്‍ പൗരത്വം നല്‍കുകയും ചെയ്തത്. ഇന്ത്യയില്‍ സംഘപരിവാര ഭീഷണിയെ തുടര്‍ന്നായിരുന്നു ഹുസൈന്‍ ഖത്തറിലെത്തിയത്.

ഹുസയ്ന്‍ ഖത്തറിലായിരിക്കേ വരച്ച പെയ്ന്റിങുകള്‍ ഹോഴ്സസ് ഓഫ് ദി സണ്‍ എന്ന പേരില്‍ മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ഈ വര്‍ഷം ആദ്യം പ്രദര്‍ശിപ്പിച്ചിരുന്നു.
ALSO WATCH

Most Popular